ADVERTISEMENT

കൊച്ചി∙ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ വഴിയുള്ള രാസലഹരി കടത്തു തടയാനുള്ള ‘നർകോട്ടിക്സ് ഇന്റലിജൻസ്’ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രാദേശിക യൂണിറ്റുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും.

രാജ്യത്തേക്ക് ഏറ്റവും അധികം ലഹരിപദാർഥങ്ങൾ എത്തുന്നതു കടൽവഴിയാണെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാവികസേനയുടെയും തീരസംരക്ഷണ സേനയുടെയും സഹകരണത്തോടെ പ്രവർത്തിക്കാനാണ് എൻസിബിക്കു ലഭിച്ചിട്ടുള്ള നിർദേശം. ‌എന്നാൽ കടലിൽ ലഹരിപിടികൂടുമ്പോൾ സീൻ മഹസർ തയാറാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എൻസിബി നിയമോപദേശം തേടിയിട്ടുണ്ട്. കടലിൽ 2525 കിലോഗ്രാം രാസലഹരി പദാർഥം പിടികൂടിയ കേസിലാണ് ഏറ്റവും ഒടുവിൽ ലഹരി കണ്ടെത്തിയ ചരക്കുയാനത്തിന്റെ സ്ഥാനം സംബന്ധിച്ച തർക്കം പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ തീരത്തുനിന്നു 12 നോട്ടിക്കൽ മൈലിനുള്ളിലാണു (22 കിലോമീറ്റർ) ഇന്ത്യയുടെ സേനാവിഭാഗങ്ങൾക്കു കുറ്റകൃത്യങ്ങൾ കണ്ടെത്താനും തടയാനും പ്രതികളെ കസ്റ്റഡിയിലെടുക്കാനുമുള്ള അധികാരം.

അതിനു പുറത്തുനിന്നാണു പ്രതികളെ പിടികൂടുന്നതെങ്കിൽ അവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അധികാരം പ്രതികൾക്കു പൗരത്വമുള്ള രാജ്യങ്ങൾക്കാണ്. ഇത്തരം കേസുകളിൽ പ്രതികളുടെ ദേശീയത അടക്കം തെളിയിക്കേണ്ട ബാധ്യത അന്വേഷണ ഏജൻസിക്കും പ്രോസിക്യൂഷനുമാണ്. 2525 കിലോഗ്രാം രാസലഹരി പിടികൂടിയ കേസിൽ പ്രതി സുബൈർ ദെരക്‌ഷാൻദേയുടെ ദേശീയത സംബന്ധിച്ച സംശയം തുടരുകയാണ്. മൊഴിയെടുത്തപ്പോൾ ആദ്യം പാക്ക് സ്വദേശിയെന്നു പറഞ്ഞ സുബൈർ പിന്നീട് ഇറാൻ സ്വദേശിയെന്നു തിരുത്തി. ‌ഇത്തരം നിയമപ്രശ്നങ്ങൾ ഇനിയും ഉയർന്നു വരാൻ സാധ്യതയുള്ള സാഹചര്യത്തിലാണു നർകോട്ടിക്സ് ഇന്റലിജൻസും പ്രോസിക്യൂഷൻ നടപടികളും കൂടുതൽ ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുള്ളത്.

English Summary : Central government directive to strengthen narcotics intelligence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com