ഉമ്മൻ ചാണ്ടിയെ കണ്ട് നേതാക്കൾ; എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചു നീങ്ങും

oommen-chandy-6
ഉമ്മൻ ചാണ്ടി
SHARE

തിരുവനന്തപുരം ∙ കോൺഗ്രസിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ടു നേതൃത്വത്തിനെതിരെ എ ഗ്രൂപ്പിനുള്ള വികാരം എം.എം.ഹസൻ, കെ.സി.ജോസഫ്, ബെന്നി ബഹനാൻ എന്നിവർ ഉമ്മൻചാണ്ടിയെ ധരിപ്പിച്ചു. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന മുതിർന്ന നേതാവിനെ മൂന്നുപേരും ഇന്നലെ സന്ദർശിച്ചു. ഗ്രൂപ്പിനെ  അവഗണിക്കുകയാണു നേതൃത്വം ചെയ്യുന്നത് എന്നാണ് ‘എ’യിൽ പ്രബലമായ വികാരം.

സംഘടനാ കാര്യങ്ങളിൽ പരസ്പര വിശ്വാസത്തോടെ തീരുമാനം എടുക്കണമെന്ന  ധാരണ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ലംഘിക്കുന്നു. തങ്ങളുടെ അധികാരമാണു മുഖ്യം എന്ന സമീപനം ഇരുവരും വച്ചു പുലർത്തുന്നതു പാർട്ടിക്കു ശുഭകരമല്ല. ഹൈക്കമാൻഡ് ഇടപെടണമെന്ന ആവശ്യമാണ് ഉന്നയിച്ചതെങ്കിലും നേതൃത്വത്തെ ന്യായീകരിക്കുന്ന പ്രതികരണം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിൽ നിന്നുണ്ടായി. ഈ സാഹചര്യത്തിൽ എന്തു വേണമെന്ന ഉമ്മൻചാണ്ടിയുടെ അഭിപ്രായം ആരായാനാണു മൂന്നു നേതാക്കളും ബെംഗളൂരുവിൽ എത്തിയത്.

സമാന വികാരം പങ്കുവയ്ക്കുന്ന ഐയുമായി യോജിച്ചു നീങ്ങാമെന്ന നേതാക്കളുടെ അഭിപ്രായത്തോട് ഉമ്മൻചാണ്ടി യോജിച്ചെന്നാണു വിവരം. മഹാരാഷ്ട്ര കോൺഗ്രസിലെ പ്രശ്നവുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷനെ കണ്ട രമേശ് ചെന്നിത്തല കേരളത്തിലെ സ്ഥിതി ഗുരുതരമാണെന്നാണ് അദ്ദേഹത്തെ ധരിപ്പിച്ചത്. വരും ദിവസങ്ങളിൽ ഇരു വിഭാഗത്തിന്റെയും നേതാക്കൾ പരസ്പരം കാണാൻ ധാരണയായി.

സംഘടനാ തിരഞ്ഞെടുപ്പ് നിശ്ചയിച്ച യൂത്ത് കോൺഗ്രസിലെ എ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയെ സംബന്ധിച്ച തർക്കവും ഉമ്മൻ ചാണ്ടിക്കു മുന്നിൽ എ നേതാക്കൾ അവതരിപ്പിച്ചു. നിലവിലെ പ്രസിഡന്റായ എയുടെ ഷാഫി പറമ്പിൽ ആ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തലിനു വേണ്ടി ശക്തമായി വാദിക്കുകയാണ്. എയിൽ നിൽക്കുമ്പോഴും പ്രതിപക്ഷ നേതാവുമായി രാഹുൽ നല്ല ബന്ധം പുലർത്തുന്നു. കോൺഗ്രസ് പുനഃസംഘടനയുടെ പേരിൽ പ്രതിപക്ഷ നേതാവിനെതിരെ പരാതിയുമായി നിലയുറപ്പിക്കുമ്പോൾ അദ്ദേഹത്തിനു താൽപര്യമുള്ള ആൾ എയുടെ നോമിനിയായി യൂത്ത് കോൺഗ്രസ് പ്രസിഡന്റായി വരുന്നതിനോടു ഗ്രൂപ്പിൽ ഭിന്നാഭിപ്രായമുണ്ട്. ജെ.എസ്.അഖിൽ, കെ.എം.അഭിജിത് എന്നിവരിൽ ഒരാളെ സ്ഥാനാർഥി ആക്കണമെന്നാണ് അവരുടെ മനസ്സിൽ.

English Summary: Congress leaders meet Oommen Chandy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS