കോഴിക്കോട് മാവൂർ–കൂളിമാട് റോഡിൽ താത്തൂർപൊയിൽ ചൊവ്വ രാവിലെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടവരെല്ലാം ലോറിക്കും ബസിനും ഇടയിൽ കുടുങ്ങിയിട്ടും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെട്ട രണ്ടു പെൺകുട്ടികളുടെ ഭാഗ്യത്തെ കുറിച്ചാണ് പറയുന്നത്.
രാവിലെ 7.45 ന് മാവൂർ ഭാഗത്തേക്കു വരികയായിരുന്ന സ്വകാര്യ ബസിനെ സ്കൂട്ടറിൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പെൺകുട്ടികൾ അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ നിന്നെത്തിയ ടിപ്പർ ലോറിക്കും ബസിനും ഇടയിൽ അകപ്പെട്ട ഇവർ ലോറി തട്ടി റോഡിൽ വീഴുകയായിരുന്നു. ഹെൽമറ്റ് തെറിച്ചു റോഡിലേക്കു വീണു. സ്കൂട്ടറിനു പുറകിലുണ്ടായിരുന്ന പെൺകുട്ടിക്ക് ബസിൽ കയറാനായിരുന്നു ഇവരുടെ ഈ അപകട യാത്ര. തുടർന്നു പെൺകുട്ടി ആ ബസിൽ തന്നെ യാത്ര ചെയ്യുകയും ചെയ്തു.
ബസിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പുറത്തായതോടെ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇൻസ്പെക്ടർ കെ.വിനോദൻ പറഞ്ഞു.
English Summary : Luck of two girls who survived an accident at Kozhikode Mavoor-Koolimad road