കൊച്ചി ∙ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ എസ്എഫ്ഐ നേതാവ് കാസർകോട് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യയ്ക്കെതിരെ (വിദ്യ വിജയൻ) ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ചും ആരേപണമുയർന്ന സാഹചര്യത്തിൽ അതു പരിശോധിക്കാൻ സംസ്കൃതസർവകലാശാലയും തീരുമാനിച്ചു.
വിദ്യയുടെ ഗവേഷണ ഗൈഡും മുൻ എസ്എഫ്ഐ നേതാവും സിൻഡിക്കറ്റ് അംഗവുമായ ഡോ. ബിച്ചു എക്സ്. മലയിൽ ഗൈഡ് സ്ഥാനത്തു നിന്നു പിൻമാറി. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ മാറിനിൽക്കുമെന്ന് അറിയിച്ച ബിച്ചു, വിസിക്കു കത്ത് നൽകി
പാലക്കാട് അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനു മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണു കേസ്. വഞ്ചിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്. 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണു കുറ്റം.
വിദ്യ കണ്ണൂർ സർവകലാശാലയുടെ 3 മൂല്യനിർണയ ക്യാംപുകളിൽ പങ്കെടുത്തതും വിവാദമായി. 2022 സെപ്റ്റംബർ – ഒക്ടോബറിൽ പയ്യന്നൂർ കോളജിലും ഈ വർഷം ജനുവരിയിൽ കാഞ്ഞങ്ങാട് നെഹ്റു കോളജിലും മേയിൽ പിലാത്തറ സെന്റ് ജോസഫ്സ് കോളജിലും നടന്ന മലയാളം ബിരുദ മൂല്യനിർണയ ക്യാംപുകളിലാണു വിദ്യ പങ്കെടുത്തത്. എക്സാമിനർക്ക് കോളജിലോ സർവകലാശാലയിലോ 3 വർഷത്തെ അധ്യാപനപരിചയം വേണമെന്ന നിബന്ധന വിദ്യയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടതായി ആക്ഷേപമുയർന്നു. കാസർകോട് കരിന്തളം ഗവ.കോളജിലെ ഗെസ്റ്റ് അധ്യാപികയെന്ന നിലയിലാണ് എക്സാമിനർമാരുടെ പാനലിൽ വിദ്യ ഉൾപ്പെട്ടതെന്നും ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നുമാണു സർവകലാശാലാ അധികൃതരുടെ നിലപാട്.
കരിന്തളം കോളജിൽ ഹാജരാക്കിയ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് വ്യാജമാണോ എന്നറിയാൻ മഹാരാജാസ് കോളജിലേക്ക് അയച്ചു. പാലക്കാട് പത്തിരിപ്പാല ഗവ.കോളജിലെ മലയാളം വകുപ്പിലും കെ.വിദ്യ ജോലി ചെയ്തിരുന്നെങ്കിലും അഭിമുഖ സമയത്ത് പ്രവൃത്തി പരിചയം ഉള്ളതായി അറിയിച്ചിട്ടില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു.
English Summary: Non bailable case against SFI leader K. Vidhya for creating fake documents