കെ ഫോൺ കേബിളിൽ ‘ചൈനീസ്’: സമ്മതിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്
Mail This Article
തിരുവനന്തപുരം ∙ കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ച കേബിളിൽ ചൈനീസ് ഘടകമുണ്ടെന്നതു ശരിവച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. ഹരിയാനയിലെ എൽഎസ് കേബിൾ കമ്പനി ഒപിജിഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കൽ യൂണിറ്റ് ലഭ്യമാക്കിയതു ചൈനയിലെ കമ്പനിയിൽനിന്നാണെന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.െക.രാഗേഷിന്റെ ഫെയ്സ്ബുക് കുറിപ്പ്. എന്നാൽ ഹരിയാനയിലെ എൽഎസ് കേബിളിന്റെ ഫാക്ടറിയിലാണ് ഇതുപയോഗിച്ച് ഒപിജിഡബ്ല്യു കേബിൾ നിർമിച്ചതെന്നും കേബിൾ വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള കുറിപ്പിൽ പറയുന്നു. ചൈനീസ് എന്നു കേൾക്കുമ്പോൾ നിലവാരം കുറഞ്ഞതാണെന്നു തോന്നുന്നത് അറിവില്ലായ്മകൊണ്ടാണെന്നും വാദിക്കുന്നുണ്ട്.
ഇറക്കുമതിയെ ന്യായീകരിക്കുന്നത് 2018 ഓഗസ്റ്റിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ്. 55 ശതമാനത്തിലധികം ഇന്ത്യൻ ഘടകമുണ്ടെങ്കിൽ ഇന്ത്യൻ നിർമിതമായി പരിഗണിക്കാമെന്നു വിജ്ഞാപനത്തിലുണ്ട്. എൽഎസ് കേബിൾ കെ ഫോണിനു നൽകിയതും ഇതേ ന്യായീകരണമായിരുന്നു. എന്നാൽ, ഈ വിജ്ഞാപനം ഒപ്റ്റിക്കൽ ഫൈബർ കേബിളുമായി (ഒഎഫ്സി) ബന്ധപ്പെട്ടാണ്. ഒപിജിഡബ്ല്യു കേബിൾ വാങ്ങുമ്പോൾ കേന്ദ്രസർക്കാർ മാനദണ്ഡം രൂപീകരിച്ചിരുന്നില്ല. ഇതു മുതലെടുത്ത് ഒഎഫ്സിയുടെ മാനദണ്ഡം തങ്ങൾക്കനുകൂലമായി എൽഎസ് കേബിൾ വ്യാഖ്യാനിച്ചു. കെഎസ്ഇബി തള്ളിയ ഈ വാദമാണു മുഖ്യമന്ത്രിയുടെ ഓഫിസ് ആവർത്തിക്കുന്നത്.
English Summary: Chief Minister Pinarayi Vijayan accepts that china cables are used in KFON