ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടിക തയാറാക്കാൻ യുപിഎസ്‌സി 19നു ഡൽഹിയിൽ യോഗം ചേരും. ചീഫ് സെക്രട്ടറി വി.പി ജോയ് യോഗത്തിൽ പങ്കെടുക്കുമെന്നാണു സൂചന. യുപിഎസ്‌സി ചെയർമാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയ പ്രതിനിധി, കേരളത്തിനു പുറത്തുള്ള മുതിർന്ന ഡിജിപി, സംസ്ഥാന ചീഫ് സെക്രട്ടറി, നിലവിലെ ഡിജിപി എന്നിവരാണു സമിതി അംഗങ്ങൾ. യോഗ്യരായ 8 പേരുടെ പട്ടിക 2 മാസം മുൻപു സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയിരുന്നു. അതിൽ നിന്നു സർവീസ് റെക്കോർഡും സീനിയോറിറ്റിയും പരിഗണിച്ച് അർഹമായ 3 പേരുകൾ യുപിഎസ് സി കേരള സർക്കാരിനു കൈമാറും. അതിൽ ആരെ വേണമെങ്കിലും സംസ്ഥാനത്തിനു നിയമിക്കാം. ഇപ്പോഴത്തെ മേധാവി അനിൽകാന്ത് 30നാണു വിരമിക്കുന്നത്. 

കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥരായ നിധിൻ അഗർവാൾ, ഇന്റലിജ‍ൻസ് ബ്യൂറോ അഡീഷനൽ ഡയറകടർമാരായ ഹരിനാഥ് മിശ്ര, രവാഡ എ. ചന്ദ്രശേഖർ, സംസ്ഥാനത്തെ 5 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരായ ജയിൽ ഡിജിപി കെ.പദ്മകുമാർ, അഗ്നിരക്ഷാ സേനാ മേധാവി ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ്, തീര സുരക്ഷാസേന എഡിജിപി സഞ്ജീവ് കുമാർ പട്ജോഷി, ഇന്റലിജൻസ് മേധാവി എഡിജിപി ടി.കെ.വിനോദ് കുമാർ, ബവ്കോ എംഡി എഡിജിപി യോഗേഷ് ഗുപ്ത എന്നിവരുടെ പേരുകളാണു സംസ്ഥാനം നൽകിയത്. ഇതിൽ നിധിൻ അഗവർവാളിനെ ബിഎസ്എഫ് ഡയറക്ടർ ജനറലായി കേന്ദ്രം നിയമിച്ചു. 

കെ.പദ്മകുമാർ, ഷെയ്ഖ് ദർവേഷ് സാഹിബ്, ഹരിനാഥ് മിശ്ര എന്നീ 3 പേരുകൾ ഉൾപ്പെട്ട ചുരുക്കപ്പട്ടികയാകും കേരളത്തിനു നൽകുകയെന്നാണു സൂചന. അതിൽ നിന്ന് സർക്കാർ കണ്ടെത്തുന്ന പുതിയ പൊലീസ് മേധാവിക്കു കുറഞ്ഞതു 2 വർഷമോ അല്ലെങ്കിൽ വിരമിക്കുന്നതു വരെയോ തുടരാം. 

കഴിഞ്ഞ തവണ കേന്ദ്രത്തിൽ എത്തിയ പട്ടികയിലെ ആദ്യ സ്ഥാനക്കാരായിരുന്ന ടോമിൻ തച്ചങ്കരിക്കും സുധേഷ് കുമാറിനുമെതിരെ ചില ആരോപണങ്ങൾ കേന്ദ്ര ആഭ്യന്തര വകുപ്പിനും യുപിഎസ്‌സിക്കും ലഭിച്ചിരുന്നു. അങ്ങനെ തച്ചങ്കരിയില്ലാത്ത ചുരുക്കപ്പട്ടിക കേന്ദ്രത്തിൽ നിന്നു വന്നപ്പോഴാണ് അനിൽകാന്തിനു നറുക്കു വീണത്. തച്ചങ്കരി അടുത്ത മാസമാണു വിരമിക്കുന്നത്. 

English Summary: Meeting in Delhi to shortlist Kerala police chief list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com