ADVERTISEMENT

കുളനട (പത്തനംതിട്ട) ∙ പേവിഷബാധയ്ക്കെതിരെ വാക്സീൻ നിർമിക്കാൻ 40 വർഷം മുൻപു കുളനടയിൽ ആരംഭിച്ച സ്ഥാപനം 13 വർഷത്തിനുശേഷം പൂട്ടിപ്പോയത് കേരളത്തിന്റെ വാക്സീൻ നിർമാണസ്വപ്നങ്ങൾക്കു തിരിച്ചടിയായി. കൂനൂർ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ശാസ്ത്രജ്ഞനായിരുന്ന ഇലവുംതിട്ട സ്വദേശി ഡോ. എം.ആർ.ധർമരാജനാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറൽ വാക്സീൻ എന്ന പേരിൽ കുളനടയിൽ സ്ഥാപനം തുടങ്ങിയത്. ഇന്ത്യയിലെ രണ്ടാമത്തെ വാക്സീൻ നിർമാണസ്ഥാപനമായിരുന്നു.

ഫ്രാൻസിൽനിന്ന് ഉപകരണങ്ങളും യന്ത്രങ്ങളും എത്തിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് ലോൺ എടുത്ത് ആരംഭിച്ച സംരംഭം 1982 ലാണ് ഉദ്ഘാടനം ചെയ്തത്. അക്കാലത്തു സംസ്ഥാനത്തെ വെറ്ററിനറി ഡിസ്പെൻസറികളിലേക്കുള്ള പേവിഷ വാക്സീൻ വിതരണം കുളനടയിൽ നിന്നായിരുന്നു. ആഫ്രിക്കൻ രാജ്യങ്ങളടക്കം 90 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. കുളമ്പുരോഗത്തിനുള്ള വാക്സീനും നിർമിച്ചിരുന്നു.

നല്ലരീതിയിൽ പ്രവർത്തിച്ചുവന്ന സ്ഥാപനത്തിന്റെ തലവര മാറിയതു പെട്ടെന്നായിരുന്നുവെന്ന് സ്ഥാപനത്തിലെ ഫ്രീസ് ഡ്രയിങ് പ്ലാന്റിൽ ഉദ്യോഗസ്ഥനായിരുന്ന കെ.സി.ഗോപാലകൃഷ്ണ പിള്ള പറഞ്ഞു. വെറ്ററിനറി വിഭാഗത്തിലെ മേലുദ്യോഗസ്ഥരെ ‘വേണ്ടരീതിയിൽ’ പരിഗണിക്കാതിരുന്നത് അവരിൽ നീരസമുണ്ടാക്കി. പലതരത്തിൽ കമ്മിഷൻ ലഭിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തി. പക്ഷേ, ധർമരാജൻ വഴങ്ങിയില്ല. ഐവിആർഎ സർട്ടിഫിക്കറ്റ് വീണ്ടും ലഭിച്ചശേഷമേ വാക്സീൻ വിതരണം നടത്താവൂ എന്ന് വെറ്ററിനറി ഡയറക്ടർ വിധിയെഴുതി. അതോടെ ഡിസ്പെൻസറിയിലേക്കുള്ള വിതരണം നിലച്ചു. വാക്സീനുകൾ വിൽക്കാൻ മാർഗമില്ലാതെയായി. 

പിന്നീട് സ്പെൻസർ ആൻഡ് കമ്പനി ദക്ഷിണേന്ത്യയിലെ വിതരണം ഏറ്റെടുത്തു. കുറച്ചുകാലം പ്രയാസങ്ങളില്ലാതെ മുന്നോട്ടുപോയി. പക്ഷേ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ വഴിയില്ലാത്ത അവസ്ഥയായി. ജോലിക്കാരിൽ പലരും സ്ഥാപനം വിട്ടുപോയി. ബാങ്ക് ജപ്തി നടപടികളിലേക്കു നീങ്ങി. 1995 ൽ സ്ഥാപനം പൂർണമായി നിർത്തി. ഡോ. ധർമരാജൻ പിന്നീട് എഴുകോണിലേക്ക് പോയി. 2014 ൽ അദ്ദേഹം അന്തരിച്ചു.

English Summary: Officials closed rabies vaccine center in kerala in 1995 for not giving bribe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com