ADVERTISEMENT

തിരുവനന്തപുരം ∙ എകെജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫിസും ഈ രണ്ടു സംവിധാനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്ന പൊലീസ് ഓഫിസറും ചേർന്നാണു സംസ്ഥാന പൊലീസിൽ ഭരണം നടത്തുന്നതെന്ന വികാരം ഉന്നത ഉദ്യോഗസ്ഥരിൽ ശക്തം. സർക്കാരിനെതിരെ തിരിയുന്നവരെ നേരിടാൻ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനും സിപിഎമ്മിനെതിരെ തിരിയുന്നവരെ നേരിടാൻ പാർട്ടി പ്രമുഖനും നൽകുന്ന നിർദേശങ്ങൾ അപ്പാടെ നടപ്പാക്കപ്പെടുന്നു. നടപടിക്രമം പാലിക്കാതെ ഒരു ഐജിയെ സസ്പെൻഡ് ചെയ്തിട്ടുപോലും ഐപിഎസ് അസോസിയേഷനു മിണ്ടാൻ കഴിഞ്ഞില്ല. 

സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിച്ചു വെല്ലുവിളിച്ചിട്ടും സർക്കാർ അനങ്ങിയില്ല. എന്നാൽ അന്നത്തെ വിജിലൻസ് ഡയറക്ടർ സ്വപ്നയുടെ സുഹൃത്തിനെ വിജിലൻസ് സംഘത്തെ ഉപയോഗിച്ചു പിടികൂടി. ഒടുവിൽ സ്വപ്ന ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു സുഹൃത്തിനെ വിട്ടത്. വാട്സാപ് വഴി തെളിവു കൈക്കലാക്കാനും മറ്റും ശ്രമിച്ചെന്ന വിവരങ്ങളും പുറത്തുവന്നു. 

ഇതിനിടെയാണു തൃശൂരിൽ ട്രെയിൻ തീവച്ച കേസിൽ പ്രതി ഷാറുഖ് സെയ്ഫിയെ മഹാരാഷ്ട്ര പൊലീസ് പിടിച്ചത്. ആ ക്രെഡിറ്റ് നഷ്ടമായതിനു പിന്നാലെ, പ്രതിയുമായി വന്ന കേരള പൊലീസ് വാഹനത്തിന്റെ ടയർ പഞ്ചറായി വഴിയിൽകിടന്നത് ഒരു ടിവി ചാനൽ സംഘം പകർത്തി. കേരളത്തിലെ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്ന ഐജി പി.വിജയനാണു പ്രതിയുടെ ലൊക്കേഷൻ ചോർത്തിയതെന്നും നടപടി വേണമെന്നും എഡിജിപി സർക്കാരിനു റിപ്പോർട്ട് നൽകി. തുടർന്ന് ഒരു വിശദീകരണം പോലും ചോദിക്കാതെ ഐജിയെ സസ്പെൻഡ് ചെയ്തു. 

ഈ നടപടിക്കെതിരെ ഐപിഎസ് ഉദ്യോഗസ്ഥരിൽ കടുത്ത പ്രതിഷേധം ഉയർന്നു. അസോസിയേഷൻ പ്രമേയം പാസാക്കണമെന്ന് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു. പ്രസിഡന്റായ ഡിജിപി ടോമിൻ തച്ചങ്കരി ഇതിന്റെ കരട് അസോസിയേഷൻ അംഗങ്ങളുടെ വാട്സാപ്പിൽ ചർച്ചയ്ക്കിട്ടു. എന്നാൽ പ്രമേയവും പ്രതിഷേധവുമായി മുന്നോട്ടുപോയാൽ സർക്കാരിന്റെ നോട്ടപ്പുള്ളിയാകുമെന്നു ഭയന്നതോടെ പിന്മാറി. 

മാധ്യമങ്ങൾക്കെതിരായ ഭീഷണികൾ

∙ ചവറ കെഎംഎംഎൽ അഴിമതി തുറന്നുകാട്ടിയ കൊല്ലത്തെ മനോരമ ലേഖകനെ ചോദ്യം ചെയ്ത് വാർത്തയുടെ ഉറവിടം കണ്ടെത്താൻ ശ്രമം. സ്ഥാപനത്തിന്റെ എംഡി മുഖ്യമന്ത്രിയുടെ ഓഫിസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അത്. 

∙ ട്രെയിൻ തീവയ്പു കേസിലെ പ്രതിയുടെ ദൃശ്യങ്ങളും വാർത്തയും പുറത്തുവിട്ടതിനു മാതൃഭൂമി ന്യൂസ് സംഘത്തിനെതിരെ കേസ്. 

∙ ലഹരിവിരുദ്ധ റിപ്പോർട്ടിൽ പൊതുവിദ്യാഭ്യാസമേഖലയെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കമുണ്ടെന്ന പി.വി.അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിനെതിരെ കേസ്. പോക്സോ വകുപ്പും ചുമത്തി. 

∙ ഇ.പി.ജയരാജന്റെ ബന്ധുനിയമന കേസ് റിപ്പോർട്ട് ചെയ്യാൻ കോടതിവളപ്പിലെത്തിയ വനിതാ മാധ്യമപ്രവർത്തർക്കെതിരെ അഭിഭാഷകരുടെ പരാതിയിൽ കേസ്. മാധ്യമപ്രവർത്തകരെ അസഭ്യം പറഞ്ഞ് സംഘടിതമായി ഗേറ്റിനു പുറത്താക്കിയശേഷം അവരുടെ പരാതിക്കു ബദലായി അഭിഭാഷകർ നൽകിയ പരാതിയിലായിരുന്നു കേസ്. 

∙ ചാനൽ ചർച്ചയ്ക്കിടെ തന്നെ മർദിക്കാൻ ആഹ്വാനം ചെയ്തെന്ന സിപിഎം നേതാവ് എളമരം കരീമിന്റെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അസോഷ്യേറ്റ് എഡിറ്റർക്കെതിരെ കേസ്. 

∙ മുല്ലപ്പള്ളി രാമചന്ദ്രൻ 2020ൽ നടത്തിയ പ്രസംഗം ചാനലിൽ വായിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ വാർത്താ അവതാരകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. 

English Summary: AKG centre, chief minister's office and a police officer controlling kerala police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com