വിമാനത്താവളങ്ങളിൽ കള്ളക്കടത്തിന് ‘സെറ്റിങ്’; ഉദ്യോഗസ്ഥരുടെ സഹായത്തോടെയുള്ള കള്ളക്കടത്ത് അനിയന്ത്രിതം

Mail This Article
കണ്ണൂർ ∙ സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തുന്ന കള്ളക്കടത്ത് അനിയന്ത്രിതമെന്ന് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു. ഉദ്യോഗസ്ഥരുടെ പിന്തുണയോടെയുള്ള ഈ കള്ളക്കടത്തുരീതിയെ ‘സെറ്റിങ് ’എന്നാണു വിളിക്കുന്നത്. കള്ളക്കടത്തുകാരെക്കാൾ, സ്വന്തം ഉദ്യോഗസ്ഥരെ നിരീക്ഷിക്കേണ്ട ഗതികേടിലാണു കസ്റ്റംസെന്നും വകുപ്പിലെ ഉന്നതർ പറയുന്നു. കള്ളക്കടത്തിനുനേരെ കണ്ണടയ്ക്കുക മാത്രമല്ല, കാരിയർ പിടിയിലാകുമ്പോൾ അവരെ രക്ഷിക്കാനും സ്വർണം പുറത്തുകടത്താനും ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങിയ സംഭവങ്ങളുമുണ്ട്.
ശരീരത്തിൽ ഒളിപ്പിച്ച 3 സ്വർണ കാപ്സ്യൂളുകളുമായി കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ കാരിയറോട് അവ പെട്ടെന്നു പുറത്തെടുത്തു തനിക്കു കൈമാറാൻ നിർദേശിച്ചതു സെറ്റിങ്ങിലുള്ള കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. കാരിയർ, 2 കാപ്സ്യൂളുകളും സ്വർണമാലയും മാത്രമാണു കൈമാറിയത്. ഒരു കാപ്സ്യൂൾ ഇയാൾ ഷൂസിൽ ഒളിപ്പിച്ചു. എക്സ്റേ എടുക്കാൻ ആശുപത്രിയിൽ കാരിയറുമായി പോയതും സെറ്റിങ്ങിലുള്ള ഇതേ ഉദ്യോഗസ്ഥൻ തന്നെ. കസ്റ്റംസ് വിട്ടയച്ച കാരിയറെ പിന്നീട് കരിപ്പൂർ പൊലീസ് പിടികൂടുകയും കാപ്സ്യൂൾ കണ്ടെത്തുകയും ചെയ്തു. 2 കാപ്സ്യൂൾ കസ്റ്റംസ് ഉദ്യോഗസ്ഥനെ ഏൽപിച്ചതായി കാരിയർ മൊഴിനൽകി. പൊലീസ് ഇക്കാര്യം കസ്റ്റംസിനെ അറിയിച്ചു. പക്ഷേ, അപ്പോഴേക്കും 2 കാപ്സ്യൂളുകളും വിമാനത്താവളത്തിനു പുറത്തെത്തിയിരുന്നു. കാരിയറെ ആശുപത്രിയിലേക്ക് എക്സ്റേക്കു കൊണ്ടുപോകും വഴി കാറിൽ വച്ചു കാപ്സ്യൂളുകൾ പുറത്തെടുത്തു കസ്റ്റംസ് ഉദ്യോഗസ്ഥർ കടത്തുസംഘത്തിനു കൈമാറിയ സംഭവങ്ങളും കരിപ്പൂരിലുണ്ടായിട്ടുണ്ട്.
ബാഗേജിലൊളിപ്പിച്ചു കടത്തുമ്പോഴും സെറ്റിങ് ഉദ്യോഗസ്ഥർ സഹായത്തിനെത്തും. ബാഗേജ് എക്സ്റേ ചെയ്യുമ്പോൾ, സംശയം തോന്നുന്ന ഭാഗങ്ങൾ ഇമേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പ്രത്യേകം മാർക്ക് ചെയ്താണു വിടുക. ഈ സാധനങ്ങൾ കസ്റ്റംസ് കൗണ്ടറിലുള്ളവർ പരിശോധിക്കണമെന്നാണു ചട്ടം. നേരത്തേ ലഭിച്ച വിവരമനുസരിച്ച്, ഒരു കാരിയറുടെ ബാഗേജ് പ്രത്യേകം എക്സ്റേ ചെയ്യാൻ കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ നിർദേശിച്ചു. എമർജൻസി ലൈറ്റിനകത്തായിരുന്നു സ്വർണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ‘സെറ്റിങ്’ ഉദ്യോഗസ്ഥരാകട്ടെ, എമർജൻസി ലൈറ്റ് മാറ്റി ബാഗേജ് എക്സ്റേ ചെയ്തു. ഇതിനുശേഷം ലൈറ്റ് തിരികെ വച്ചു. എമർജൻസി ലൈറ്റ് ഇല്ലാത്ത ഇമേജ് ഡപ്യൂട്ടി കമ്മിഷണറെ കാണിച്ച്, സ്വർണമില്ലെന്നു പറഞ്ഞു. എന്നാൽ, സംശയം തോന്നിയ ഡപ്യൂട്ടി കമ്മിഷണർ ബാഗേജ് വീണ്ടും പരിശോധിച്ചതോടെ സ്വർണം കണ്ടെടുത്തു.
English Summary: Setting for smuggling through airports