ADVERTISEMENT

കൊച്ചി ∙ ‘ആനന്ദത്തിന്റെ വെളിച്ചത്തിലിങ്ങനെ, ഞാനെന്നുമെന്നും കഴിഞ്ഞുവെങ്കിൽ’ എന്നു ചങ്ങമ്പുഴയുടെ രമണനിലെ നായകനെപ്പോലെ ഇടുക്കി ജില്ലയിൽനിന്നു കവിയുടെ വീട്ടിലെത്തിയ രമണനും ഇന്നലെ മദനനെ നോക്കി മനസ്സിൽ പാടിയിരിക്കണം. ‌‌ഭാവകാവ്യമായ ‘രമണനിൽ’ ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിൽ ജീവിതത്തിൽ രമണനും മദനനും ഇരട്ടസഹോദരങ്ങളാണ്.

ഇടുക്കി പൂപ്പാറയിൽനിന്ന് ഇടപ്പള്ളി എളമക്കരയിലെ കവിയുടെ വീട്ടിലെത്തിയ ഇരുവരെയും നോക്കി ചങ്ങമ്പുഴയുടെ മകൾ ലളിത പറഞ്ഞു, ‘ശരിക്കും രമണനും മദനനും തിരിച്ചുവന്നതുപോലെ.’ ‌‌കവി ചങ്ങമ്പുഴയുടെ 75–ാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി രമണീയം ട്രസ്റ്റാണ് ഈ അപൂർവ സമാഗമം ഒരുക്കിയത്. 

ചങ്ങമ്പുഴ
ചങ്ങമ്പുഴ

പൂപ്പാറ വട്ടത്തൊട്ടിയിൽ പരേതനായ നാരായണന്റെയും ലക്ഷ്മിയുടെയും  മക്കൾക്ക് രമണനെന്നും മദനനെന്നും പേരു വന്നത് അമ്മയുടെ ചങ്ങമ്പുഴക്കവിതകളോടുള്ള ഇഷ്ടംകൊണ്ടാണ്.  ചങ്ങമ്പുഴയുടെ മകൾ കൊച്ചിയിലുണ്ടെന്ന് രമണീയം ട്രസ്റ്റ് പ്രതിനിധിയും എഴുത്തുകാരിയുമായ ഉമാ ആനന്ദ് അറിയിച്ചതോടെ ലളിതയെ കാണണമെന്ന മോഹമായി. ഭാര്യമാരായ ബിന്ദുവിനും ഷൈജയ്ക്കുമൊപ്പം ഇന്നലെ ഇടപ്പള്ളിയിലെത്തിയത്. അവർക്കുവേണ്ടി ലളിത അച്ഛന്റെ ‘മനസ്വിനി’യിലെ വരികൾ ആലപിച്ചു.

‘മറക്കാനാകാത്ത നിമിഷം’–മദനനും രമണനും പിന്നീടു പറഞ്ഞു. സഹോദരനായ ഗോപിയുടെ ഭാര്യയുടെ പേരു രമണനിലെ നായിക ചന്ദ്രികയുടേതാണെന്ന് സൂചിപ്പിച്ച അവർ എല്ലാ അർഥത്തിലും തങ്ങളുടേതു ചങ്ങമ്പുഴക്കുടുംബമാണെന്നു പറഞ്ഞപ്പോൾ ലളിതയ്ക്കു നിറഞ്ഞ സന്തോഷം. 

ലളിതയ്ക്കൊപ്പം രമണമദനന്മാർ ചങ്ങമ്പുഴയുടെ ചിത്രത്തിനു മുന്നിൽ ദീപം തെളിച്ചു. ലളിതയുടെ ഛായാചിത്രം വരച്ച ചിത്രകാരൻ ബാലകൃഷ്ണൻ കതിരൂർ അതു കൈമാറി. ‘രമണൻ’ കവിത ആദ്യം പ്രസിദ്ധീകരിച്ച ഹമീദിന്റെ മകൻ ഡോ.ഫൈസി, സംസ്ഥാനത്തു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിർന്ന ‘രമണനാമധാരി’ എറണാകുളം ചളിക്കവട്ടം ചീരക്കുഴിയിൽ  വി.ജി.രമണൻ, നാസർ, ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സെക്രട്ടറി ടി.ജി.രവികുമാർ, ചങ്ങമ്പുഴയുടെ സഹോദരൻ പ്രഭാകരന്റെ മകൻ പ്രഫുല്ലചന്ദ്രൻ, സംഗീതസംവിധായകൻ കെ.എം.ഉദയൻ തുടങ്ങിയവരും സമാഗമത്തിനു സാക്ഷികളായി.

English Summary : Seventy fifth death annuversary of Changampuzha Krishna pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com