ADVERTISEMENT

ദീർഘനാളത്തെ പൊതുജീവിതത്തിനിടയിൽ, ഡോ.എം.എ.കുട്ടപ്പനോളം സാഹസികനും നിർഭയനുമായ അധികം പേരെ ഞാൻ കണ്ടിട്ടില്ല. ഭയം കുട്ടപ്പന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല. അനീതിക്കും ചൂഷണത്തിനും എതിരെ പൊരുതാനുള്ള ആഗ്രഹം സർക്കാർ ജോലിയുടെ ചട്ടക്കൂടിൽ നിർത്താനാകില്ലെന്നു ബോധ്യമായപ്പോഴാണ് സാമാന്യം നല്ല ശമ്പളമുള്ള സർക്കാർ ഡോക്ടർ എന്ന ജോലി ഉപേക്ഷിച്ച് അനിശ്ചിതത്വമുള്ള രാഷ്ട്രീയത്തിലേക്ക് കുട്ടപ്പൻ ഇറങ്ങിയത്. ഭാവിയിൽ മന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയും ഉൾപ്പെടെയുള്ള പദവികൾ ലഭിക്കുമെന്ന് അദ്ദേഹം അന്ന് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല.

പട്ടിക വിഭാഗങ്ങൾ, പിന്നാക്ക സമൂഹങ്ങൾ, അനീതിക്കും ചൂഷണത്തിനും അപമാനത്തിനും ഇരയാകുന്നവർ... ഇവർക്കായി പൊരുതണമെന്ന സാമൂഹിക പ്രതിബദ്ധത കുട്ടപ്പനെ നയിച്ചു. കോൺഗ്രസിൽ എല്ലാവരെയും എതിർക്കുന്ന തീവ്രവാദിയായിരുന്നു അദ്ദേഹം. ആരോടും വിധേയത്വമില്ല. ഭീഷണിക്കു വഴങ്ങിയുമില്ല.

ഞാൻ മൂന്നാം തവണ മുഖ്യമന്ത്രിയായി 2001 ൽ ചുമതലയേറ്റ ശേഷം രാജിവയ്ക്കുന്നതു വരെ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമം, പട്ടികജാതി– വർഗം, യുവജനക്ഷേമം എന്നീ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തു. കേരളത്തിലെ പട്ടികജാതി– വർഗ മന്ത്രിമാരിൽ പട്ടികജാതിക്കാരുടെ അവകാശങ്ങൾക്കു േവണ്ടി നിർഭയമായി സർക്കാരിലും പാർട്ടിയിലും സമൂഹത്തിലും നിരന്തരമായി പോരാടുകയും ചെയ്യാവുന്നതെല്ലാം നടപ്പിലാക്കുകയും ചെയ്ത ചുരുക്കം ചിലരിൽ ഒരാളാണ് കുട്ടപ്പൻ.

എന്റെ മന്ത്രിസഭയുടെ കാലത്ത് ജപ്പാൻ സഹായത്തോടെ അട്ടപ്പാടിയിലെ ക്ഷേമത്തിനായി അഹാഡ്സ് രൂപീകരിച്ചപ്പോൾ സ്വന്തം വകുപ്പ് അല്ലാതിരുന്നിട്ടും കുട്ടപ്പൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലും അവിവാഹിതരായ പെൺകുട്ടികൾക്കു നേരെ ചൂഷണമുണ്ടായാൽ ഉടൻ സർക്കാരിന്റെയും പൊലീസിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്ന് നടപടിയെടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ആദിവാസി ചെറുപ്പക്കാർക്ക് വിവിധ വകുപ്പുകളിൽ സ്ഥിരവും താൽക്കാലികവുമായ ജോലി ലഭിക്കാൻ നടപടിയെടുത്തു. പട്ടിക ജാതി ഫണ്ട് വക മാറ്റുന്നതിനെതിരെ മന്ത്രിസഭയിലും വകുപ്പുകളിലും കർശന നിലപാടെടുത്തു, ഒരു പരിധി വരെ അതിൽ മാറ്റം വരുത്താൻ അദ്ദേഹത്തിനായി. സ്വാശ്രയ കോളജുകൾ ആരംഭിച്ചപ്പോൾ അവിടെ പട്ടികജാതി– വർഗ വിഭാഗങ്ങൾക്കു സൗജന്യമായി പഠിക്കാൻ അവസരം നൽകണമെന്ന നിർദേശം അദ്ദേഹത്തിന്റേതായിരുന്നു.

10 വർഷം മുൻപ് പക്ഷാഘാതമുണ്ടായ ശേഷം അദ്ദേഹത്തെ കാണാൻ പോയിരുന്നു. പക്ഷേ, ഒന്നും വ്യക്തമല്ലായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾക്കു മുന്നിൽ പ്രണ‍ാമം.

English Summary : AK Antony about Dr. MA Kuttappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com