ADVERTISEMENT

മലപ്പുറം ∙ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പർ കാണാതായി പുനഃപരീക്ഷ നടത്തേണ്ടിവന്ന സംഭവത്തിൽ 38.30 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നടപടിക്കു വിധേയരായവർ. 2020 ഡിസംബർ 18നു കുഴിമണ്ണ ജിഎച്ച്എസ്എസിൽ നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപ്പേപ്പറുകളാണു കാണാതായത്. പരീക്ഷയുടെ നടത്തിപ്പുചുമതലയുണ്ടായിരുന്ന 3 അധ്യാപകരെയും നൈറ്റ് വാച്ച്മാനെയും സസ്പെൻഡ് ചെയ്തിരുന്നു. ചോദ്യപ്പേപ്പർ കാണാതായതു കാരണം സർക്കാരിനു നഷ്ടമായ 38.30 ലക്ഷം രൂപ ഇവരിൽനിന്നു തിരിച്ചുപിടിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു സംഭവസമയത്തു കുഴിമണ്ണ ജിഎച്ച്എസ്എസ് പ്രിൻസിപ്പലായിരുന്ന ഡി.ഗീത പറഞ്ഞു. രണ്ടര വർഷം മുൻപ് വിരമിച്ച ഇവരുടെ ആനുകൂല്യങ്ങളടക്കം സംഭവത്തിന്റെ പേരിൽ തടഞ്ഞുവച്ചിരിക്കുകയാണ്. 

ചുള്ളിക്കോട് ജിഎച്ച്എസ്എസിലെ അധ്യാപകൻ ടി.മുഹമ്മദലി, ഒഴുകൂർ ക്രസന്റ് എച്ച്എസ് അധ്യാപകൻ കെ.മഹ്റൂഫ് അലി, നൈറ്റ് വാച്ച്മാൻ ടി.അബ്ദുൽ സമദ് എന്നിവരാണു നടപടി നേരിടുന്ന മറ്റുള്ളവർ. മുഹമ്മദലിയും അബ്ദുൽ സമദും ഈയിടെ സർവീസിൽനിന്നു വിരമിച്ചു. സംഭവവുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പൊലീസ് സിസിടിവി ഉൾപ്പെടെ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുമായി ബന്ധപ്പെട്ട സൂചനകളുണ്ടായിരുന്നുവെന്നു അധ്യാപകർ പറയുന്നു. എന്നാൽ, പ്രതികളെ പിടികിട്ടിയില്ല. തുമ്പില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുന്നതായി പൊലീസ് അറിയിക്കുകയും ചെയ്തു. 

സസ്പെൻഷൻ കാലാവധി അവസാനിച്ച ശേഷം അധ്യാപകർ ജോലിയിൽ തിരികെ പ്രവേശിച്ചിരുന്നു. എന്നാൽ, രണ്ടു വർഷം മുൻപു ഗീത വിരമിച്ചപ്പോൾ ആനുകൂല്യങ്ങളൊന്നും നൽകിയില്ല. പലതവണ അപേക്ഷ നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തിൽ അധ്യാപകരെ ബലിയാടാക്കുകയാണെന്ന ആരോപണവുമായി സംഘടനകൾ രംഗത്തെത്തി. 

English Summary : Teachers to approach court on thirty eight lakh rupees recovery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com