ADVERTISEMENT

വളാഞ്ചേരി (മലപ്പുറം) ∙ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ വിവാദ യുട്യൂബറെ പൊലീസ് പുലർച്ചെ  നാടകീയമായി അറസ്റ്റ് ചെയ്തു.‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന കല്യാശേരി മങ്ങാട് മഫാസ് ഹൗസിൽ മുഹമ്മദ്  നിഹാദിനെയാണ്(24) എറണാകുളം എടത്തല കുഴിവേലിപ്പടിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്നു കതകു പൊളിച്ച് അറസ്റ്റ് ചെയ്തത്. 

വിളിച്ചിട്ടും തുറക്കാതെ വാതിൽ അകത്തുനിന്നു പൂട്ടിയതോടെയാണു പൊലീസ് ചവിട്ടിപ്പൊളിച്ചത്. ഇതെല്ലാം നിഹാദ് ഓൺലൈൻ ലൈവായി കാണിക്കുന്നുണ്ടായിരുന്നു. മുറിയ്ക്കകത്തുണ്ടായിരുന്ന, ഇയാൾ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, 2 മൊബൈൽ ഫോണുകൾ 2 മൈക്രോഫോണുകൾ അടക്കം മുഴുവൻ ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ സൈബർ വിഭാഗം പരിശോധിച്ചുവരികയാണ്. അതേസമയം, അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വിഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67–ാം വകുപ്പ് പ്രകാരമെടുത്ത കേസിൽ  കണ്ണൂർ കണ്ണമംഗലം പൊലീസെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിളിക്കുമ്പോൾ ചോദ്യംചെയ്യലിനു ഹാജരാകണമെന്ന നിർദേശത്തോടെ ഇന്നലെ വൈകിട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

കഴിഞ്ഞയാഴ്ച വളാഞ്ചേരിയിലെ കട ഉദ്ഘാടന വേദിയിലാണു നിഹാൽ അശ്ലീല പരാമർശം നടത്തിയത്. ഇയാളെ കാണാനെത്തിയ കുട്ടികളടങ്ങിയ വൻ ജനക്കൂട്ടം ദേശീയപാതയിൽ ഗതാഗത തടസ്സത്തിനു കാരണമാകുകയും ചെയ്തു. എഐവൈഎഫ് ജില്ലാ ഭാരവാഹിയായ മുർഷിദുൽ ഹഖ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പരിപാടിയുള്ളതിനാൽ ഒരാഴ്ച കഴിയണമെന്ന മറുപടി ലഭിച്ചതോടെയാണു വീട്ടിലെത്തി അറസ്റ്റ് ചെയ്തതെന്നു പൊലീസ് പറഞ്ഞു. വളാഞ്ചേരിയിൽനിന്നെത്തിയ 5 പൊലീസ് ഉദ്യോഗസ്ഥരും എടത്തല സ്റ്റേഷനിലെ പൊലീസുകാരനുമാണു പുലർച്ചെ കൊച്ചിയിൽ നിഹാദിന്റെ വീട്ടിലെത്തിയത്.

പൊലീസാണെന്നു പറഞ്ഞിട്ടും വാതിൽ തുറക്കാതെ അകത്തുനിന്നു കുറ്റിയിട്ടു. കംപ്യൂട്ടറിലെയും മറ്റും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നറിഞ്ഞതോടെയാണു വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയതെന്ന് പൊലീസ് പറയുന്നു. രാവിലെ വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം ചോദ്യം ചെയ്തു.

English Summary: Youtuber Thoppi arrested and released on bail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com