ADVERTISEMENT

കൊല്ലം ∙ ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെഎംഎംഎൽ) കമ്പനിയുടെ പ്രധാന ഉൽപന്നങ്ങളിലൊന്നായ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്‌മെന്റ് നിറയ്ക്കാനുള്ള പേപ്പർ ബാഗ് വാങ്ങിയ ഇടപാടിനെച്ചൊല്ലി വൻ വിവാദം. ഇടപാട് കമ്പനിക്കു ഭീമമായ നഷ്ടം വരുത്തിയെന്നും ഇതിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു സിഐടിയു യൂണിയൻ തന്നെ കെഎംഎംഎൽ മാനേജ്മെന്റിനു കത്തു നൽകിയതോടെ വ്യവസായ വകുപ്പ് വെട്ടിലായി.

തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ നിന്നു കൂടിയ വിലയ്ക്കു ബാഗ് വാങ്ങിയതിനെച്ചൊല്ലിയാണു വിവാദം. 813 ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കാനാവശ്യമായ ബാഗ് അടുത്ത വർഷം വരെ ഉപയോഗിക്കാൻ സ്റ്റോക്കുള്ളപ്പോൾ വീണ്ടും വാങ്ങിക്കൂട്ടുന്നതു കമ്പനിക്കു വൻനഷ്ടമുണ്ടാക്കുന്നുവെന്നാണ് ആരോപണം. സ്വകാര്യ കമ്പനിയിൽ നിന്ന് 56,000 ബാഗുകൾ കൊണ്ടുവന്ന ലോറി കഴിഞ്ഞ 14നു യൂണിയൻ നേതാക്കൾ തടഞ്ഞതോടെ ലോഡ് ഇറക്കാതെ തിരികെപ്പോയി. 813 ഗ്രേഡ് ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന ബാഗ് 45,000 എണ്ണം സ്റ്റോക്കുള്ളപ്പോഴാണ് 56,000 കൂടി വാങ്ങിയതെന്നും ഒരു വർഷം കമ്പനിക്കു 20,000 ബാഗ് മാത്രം മതിയെന്നും ആരോപിച്ചാണു ലോറി തടഞ്ഞത്.

2021–22 ൽ 813, 822 ഗ്രേഡുകളിൽപ്പെട്ട ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കാനാവശ്യമായ ബാഗ് ഒരെണ്ണത്തിനു യഥാക്രമം 38.50 രൂപ, 36 രൂപ എന്നീ വിലയ്ക്കാണു വാങ്ങിയതെങ്കിൽ അതേ കമ്പനിയിൽ നിന്ന് ഈ ബാഗുകൾ ഇപ്പോൾ യഥാക്രമം 69.60 രൂപ, 63.19 രൂപ വിലയ്ക്കു വാങ്ങുന്നതിൽ വൻ അഴിമതിയുണ്ടെന്നു കെഎംഎംഎൽ ടൈറ്റാനിയം എംപ്ലോയീസ് യൂണിയൻ (സിഐടിയു) കെഎംഎംഎൽ മാനേജിങ് ഡയറക്ടർക്കു നൽകിയ കത്തിൽ ആരോപിച്ചു.

ബാഗുകൾക്കു ഗുണനിലവാരമില്ലെന്നു സ്റ്റോക്കിസ്റ്റുകളും ഉപഭോക്താക്കളും പരാതി ഉന്നയിച്ചിട്ടുണ്ട്. ഈ ബാഗിൽ നിറച്ചു ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 750 ടൺ 822 ഗ്രേഡ് ൈടറ്റാനിയം ഡയോക്സൈഡ്, ബാഗ് പൊട്ടിയതിനാൽ ഗുണനിലവാരം കുറഞ്ഞു വീണ്ടും ശുദ്ധീകരിക്കേണ്ടി വരുന്നുവെന്നും കത്തിലുണ്ട്. ഇവ ചൂണ്ടിക്കാട്ടി ൈടറ്റാനിയം കോംപ്ലക്സ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) നേരത്തേ ലഘുലേഖ  ഇറക്കിയിരുന്നു. 

English Summary : Paper bag transaction; controversy in KMML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com