ADVERTISEMENT

തൃശൂർ ∙ ഒഡീഷയിലെ ബാലസോറിൽ നിന്നു ഷാലിമാർ എക്സ്പ്രസിലെത്തിച്ച 1570 കിലോ പുഴുവരിച്ച മീൻ മണിക്കൂറുകൾ നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ഒരു രാത്രി മുഴുവൻ ദുർഗന്ധം പരത്തിയ മീൻ പരിശോധനയ്ക്കു വിട്ടുകൊടുക്കാൻ റെയിൽവേ അധികൃതർ വിസമ്മതിച്ചതോടെ ഭക്ഷ്യസുരക്ഷാ സംഘവും പൊലീസും പുറത്തു കാവൽ നിന്നു.

ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു മറ്റൊരു വഴിയിലൂടെ മീൻപെട്ടികളിൽ പാതിയോളം പുറത്തേക്കു കടത്തിയെങ്കിലും വിവരമറിഞ്ഞ പൊലീസ് പിന്തുടർന്നു പിടികൂടി തിരികെയെത്തിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറി. സ്റ്റേഷനു മുന്നിൽ മീൻപെട്ടികൾ പൊട്ടിച്ച ഉദ്യോഗസ്ഥ സംഘം കണ്ടതു പുഴുവരിച്ച മീനുകൾ. ക്വിക് കിറ്റ് ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ അമോണിയം സാന്നിധ്യം കണ്ടെത്തി. 

വെള്ളിയാഴ്ച വൈകിട്ടു നാലോടെ എത്തിയ ഷാലിമാർ എക്സ്പ്രസിൽ നിന്ന് 18 തെർമോകോൾ പെട്ടികളാണു തൃശൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ ഇറക്കിയത്. ഉപ്പിട്ട ഉണക്കമീനായിരുന്നു 12 പെട്ടികളിൽ. 6 പെട്ടികളിൽ ഐസിട്ട പച്ചമീനും. ഓരോ പെട്ടിയിലും ശരാശരി 80 കിലോയോളം മീൻ. 

ശക്തൻ മാർക്കറ്റിലെ 4 വ്യാപാരികളുടെ പേരിലാണു മീനെത്തിയത്. കനത്ത ദുർഗന്ധം പരന്നതോടെ യാത്രക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചു. പരിശോധനയ്ക്കായി പ്ലാറ്റ്ഫോമിലെത്തിയ ഭക്ഷ്യസുരക്ഷാ സംഘത്തെ ആർപിഎഫ് തടഞ്ഞു. റെയിൽവേയുടെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനാണു പരിശോധനച്ചുമതലയെന്നും മടങ്ങിപ്പോകണമെന്നും നിർദേശമുണ്ടായി. എന്നാൽ, റെയിൽവേയുടെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തിയിട്ടേ മടങ്ങൂവെന്നായി പരിശോധനാ സംഘം. തർക്കം 11.30 വരെ നീണ്ടു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോൾ ഇവർ സ്റ്റേഷന്റെ പുറത്തു കാവൽ നിന്നു. 

ഇന്നലെ രാവിലെ 8 മണിയോടെ ഒരു സംഘം ആളുകളെത്തി മീൻപെട്ടികൾ മറ്റൊരു വാതിലിലൂടെ സ്റ്റേഷന്റെ പുറത്തെത്തിച്ച് ഓട്ടോകളിൽ കയറ്റി മാർക്കറ്റിലേക്കു കൊണ്ടുപോയി. വിവരമറിഞ്ഞ പൊലീസ് പിന്നാലെ പാഞ്ഞ് ഓട്ടോകൾ തിരികെ സ്റ്റേഷൻ മുറ്റത്തെത്തിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ പെട്ടികൾ പൊട്ടിച്ചപ്പോൾ പുഴുവരിക്കുന്നതു കണ്ടു. ആവോലി, നെയ്മീൻ, മാന്തൾ തുടങ്ങിയ മീനുകളാണു പെട്ടികളിലേറെയും. ഇവയിൽ നിന്നു സാംപിളെടുത്തു കാക്കനാട് ലാബിലേക്കയച്ച ശേഷം ബാക്കി നശിപ്പിച്ചു. 3 പെട്ടി ഉണക്കമീൻ മാത്രം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ട്. രാസവസ്തുക്കൾ ചേർത്തിട്ടില്ലെന്നു പരിശോധനാ ഫലം ലഭിച്ചാൽ മാത്രം ഇവ ഉടമകൾക്കു വിട്ടുനൽകും.

English Summary: 1570 kilogram damaged fish seized

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com