ADVERTISEMENT

കൊച്ചി∙ ഇന്നസന്റ‌ിന്റെ നർമമില്ലാതെ ആദ്യമായി അമ്മയുടെ ജനറൽ ബോഡി യോഗം. നൈസർഗികമായ തമാശകൾ പൊട്ടിച്ച് അമ്മയുടെ ജനറൽ ബോഡി യോഗത്തെ എന്നും സജീവമാക്കിയിരുന്ന ഇന്നച്ചന്റെ അസാന്നിധ്യം യോഗത്തിനെത്തിയ എല്ലാവർക്കും അനുഭവപ്പെട്ടു. പലരും ഇക്കാര്യം പരസ്പരം പങ്കുവയ്ക്കുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞുപോയ 9 അംഗങ്ങൾക്കു യോഗം ആദരാഞ്ജലി അർപ്പിച്ചു. നടൻ പ്രേംകുമാറാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.

വർഷത്തിലൊരിക്കൽ നടക്കുന്ന ജനറൽ ബോഡിയിൽ എന്തു തിരക്കുണ്ടെങ്കിലും പങ്കെടുക്കാറുണ്ടെന്നും അംഗങ്ങൾ ജനറൽ ബോഡി യോഗത്തിൽ നിന്നു വിട്ടുനിൽക്കരുതെന്നും നടൻ മമ്മൂട്ടി പറഞ്ഞു. ശനിയാഴ്ച രാത്രി മുംബൈയിൽ നിന്നു ഷൂട്ട് കഴിഞ്ഞു തിരക്കിട്ടാണു ജനറൽ ബോഡിക്കെത്തിയതെന്നു നടനും അമ്മയുടെ പ്രസിഡന്റുമായ മോഹൻലാൽ പറഞ്ഞു. പുലർച്ചെ കൊച്ചി വിമാനത്താവളത്തിലിറങ്ങിയപ്പോഴാണു ലഗേജ് ഒപ്പമെത്തിയിട്ടില്ലെന്നു മനസ്സിലായത്. തുടർന്നു പുതിയ വസ്ത്രമുൾപ്പെടെ തിരക്കിട്ടു സംഘടിപ്പിച്ചാണു യോഗത്തിനെത്തിയതെന്നും മോഹൻലാൽ പറഞ്ഞു.

ഏറെ നാളുകൾക്കു മുൻപുതന്നെ വാർഷിക പൊതുയോഗ തീയതി അറിയിച്ചിട്ടും അതേദിവസം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി അംഗത്തിന്റെതടക്കം അഞ്ചിലേറെ ചിത്രങ്ങളുടെ ഷൂട്ടിങ് നടത്തിയതിലുള്ള പ്രതിഷേധവും അമ്മ യോഗം പങ്കുവച്ചു. ഏറെ അംഗങ്ങൾക്കു യോഗത്തിൽ എത്തിച്ചേരാൻ ആവാതിരുന്നതിലുള്ള പ്രതിഷേധം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു. മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്-2023 ഓഗസ്റ്റ് 1 മുതൽ 4 വരെ നടത്താൻ യോഗം അംഗീകാരം നൽകിയതായി ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മമ്മൂട്ടിക്കു നൽകി മോഹൻലാൽ വിതരണോദ്ഘാടനം നിർവഹിച്ചു. കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന യോഗത്തിൽ മോഹൻലാൽ അധ്യക്ഷത വഹിച്ചു. 290 അംഗങ്ങൾ പങ്കെടുത്തു. വനിതകളായിരുന്നു കൂടുതൽ. എൺപതിലേറെപ്പേർ കത്തുവഴി അവധി അപേക്ഷ നൽകിയിരുന്നുവെന്നു ഇടവേള ബാബു പറഞ്ഞു. ട്രഷറർ സിദ്ദീഖ് പ്രസംഗിച്ചു. അടുത്തവർഷം ജൂൺ 30ന് നടക്കുന്ന മുപ്പതാം വാർഷിക പൊതുയോഗത്തിനൊപ്പം ഭരണസമിതി തിരഞ്ഞെടുപ്പു നടത്താനും യോഗം തീരുമാനിച്ചു.

ശ്രീനാഥ് ഭാസിയുടെ അംഗത്വ അപേക്ഷ ഉടൻ പരിഗണിക്കില്ല

6 പേർക്കു കൂടി അംഗത്വം നൽകിയ എക്സിക്യൂട്ട‌ീവ് കമ്മിറ്റി തീരുമാനം അമ്മ ജനറൽ ബോഡി അംഗീകരിച്ചു. വിജയൻ കാരന്തുർ, ബിനു പപ്പു, സലിം ഭാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖില വിമൽ എന്നിവർക്കാണു പുതുതായി അംഗത്വം ലഭിക്കുക. എന്നാൽ, നടൻ ശ്രീനാഥ്‌ ഭാസിയുടെ അംഗത്വ അപേക്ഷ സിനിമമേഖലയിലെ ഇതര സംഘടനകളുടെ എൻഒസി ലഭിക്കുന്ന മുറയ്ക്കു മാത്രം പരിഗണിച്ചാൽ മതിയെന്നും യോഗം തീരുമാനിച്ചു.

English Summary: AMMA General Body Meeting 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com