ADVERTISEMENT

തിരുവനന്തപുരം ∙ ഏപ്രിലിൽ 2.66 ലക്ഷം പിങ്ക്, മഞ്ഞ കാർഡ് ഉടമകൾക്കു റേഷൻ നിഷേധിക്കപ്പെട്ടതിനെപ്പറ്റി സംസ്ഥാന ഭക്ഷ്യ കമ്മിഷനു ലഭിച്ച പരാതിയിലെ അന്വേഷണം രാഷ്ട്രീയ ഇടപെടലിലൂടെ അട്ടിമറിച്ചു. റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇപോസ്) സംവിധാനത്തിലെ സെർവർ തകരാർ മൂലം കടകൾ അടച്ചിടേണ്ടി വന്നതിനാൽ റേഷൻ കിട്ടിയില്ലെന്നായിരുന്നു പരാതി. . 

കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിന് മുൻ എംഎൽഎ ജോസഫ് എം.പുതുശ്ശേരി നൽകിയ പരാതി, ജില്ലാതല പരാതിപരിഹാര ഓഫിസർമാരായ (ഡിജിആർഒ) അഡീഷനൽ ജില്ലാ മജിസ്ട്രേട്ടുമാർക്ക് (എഡിഎം) കൈമാറി നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, കേന്ദ്ര ഭക്ഷ്യഭദ്രത നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെടാതെ കമ്മിഷൻ മെംബർ സെക്രട്ടറി പേരിനൊരു കത്തയച്ചു. കമ്മിഷനിലെ സിപിഐ നാമനിർദേശം ചെയ്ത അംഗങ്ങളും വകുപ്പിലെ ഉന്നതരും ഒത്തുകളിച്ചാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത് ഒഴിവാക്കിയത്. 

എഡിഎമ്മുമാർ ജില്ലാ സപ്ലൈ ഓഫിസർമാരോട് (ഡിഎസ്ഒ) റിപ്പോർട്ട് തേടുകയും റേഷൻ ലഭിക്കാത്തവരെ കണ്ടെത്തുകയും ചെയ്തിരുന്നെങ്കിൽ റേഷൻ ലഭിക്കാത്തവർക്ക് കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമവും ചട്ടങ്ങളും പ്രകാരം ഫുഡ് അലവൻസ് പണമായി പകരം നൽകേണ്ടി വരുമായിരുന്നു. 

രണ്ടു മാസത്തിലേറെയായി അന്വേഷണം നടക്കാതെ വന്നതോടെ കണക്കെടുപ്പ് ഇനി എളുപ്പമല്ല. പരാതി ലഭിച്ചതിനു പിന്നാലെ, ആർക്കും റേഷൻ മുടങ്ങിയിട്ടില്ലെന്നും അലവൻസ് നൽകേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്നും വ്യക്തമാക്കി മന്ത്രി ജി.ആർ.അനിൽ രംഗത്തുവന്നത് കമ്മിഷൻ ചെയർമാനോടുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കപ്പെട്ടിരുന്നു. കമ്മിഷന്റെ യോഗം ചേരാതെ ചെയർമാൻ നടപടി സ്വീകരിച്ചത് തെറ്റാണെന്ന് സിപിഐ അംഗങ്ങൾ പരസ്യപ്രതികരണവും നടത്തി. റേഷൻ സംവിധാനത്തിലെ പരാതികൾ കേൾക്കാൻ സംസ്ഥാന സർക്കാർ തന്നെ നിയമിച്ച കമ്മിഷന്റെ പ്രസക്തി ഇതോടെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയായി. 

ഇതിനിടെ, തന്റെ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ മെംബർ സെക്രട്ടറിക്കു കഴിഞ്ഞ ദിവസം കത്തു നൽകിയതായി ജോസഫ് എം.പുതുശ്ശേരി പറഞ്ഞു. അന്വേഷണം നടക്കാതിരിക്കാൻ മന്ത്രി ഓഫിസിൽ ഉൾപ്പെടെ ഉള്ളവർ ഇടപെട്ടതായി അദ്ദേഹം ആരോപിച്ചു. 

English Summary: Ration compensation enquiry sabotaged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com