യാത്രകളിൽ ഇനി കുഞ്ഞപ്പനില്ല; കണ്ണീരോടെ നമ്പൂരിയുടെ അലി
![ali-and-artist-namboothiri (1) ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മൃതദേഹം ലളിതകലാ അക്കാദമിയിലേക്കു കൊണ്ടുപോകുമ്പോൾ സ്ട്രെച്ചർ ചുമക്കുന്ന അലി. (2) ആർട്ടിസ്റ്റ് നമ്പൂതിരി](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/7/7/ali-and-artist-namboothiri.jpg?w=1120&h=583)
Mail This Article
എടപ്പാൾ ∙ നടുവട്ടം കരുവാട്ട് മനയിൽനിന്ന് ‘കുഞ്ഞപ്പന്റെ’ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോൾ അലിയുടെ കണ്ണുകൾ നിറഞ്ഞു. സുഹൃത്തായും ഡ്രൈവറായുമെല്ലാം 22 വർഷം നമ്പൂതിരിയുടെ സന്തതസഹചാരിയായി അലിയുണ്ടായിരുന്നു. നമ്പൂതിരിയെ അലി അഭിസംബോധന ചെയ്തിരുന്നത് കുഞ്ഞപ്പൻ എന്നാണ്. എംടിയും അക്കിത്തവും വികെഎന്നുമെല്ലാം ഇതുകൊണ്ടുതന്നെ സ്നേഹപൂർവം വിളിച്ചിരുന്നത് ‘നമ്പൂരിയുടെ അലി’ എന്നാണ്.
എടപ്പാൾ ശുകപുരം ഹോസ്പിറ്റലിനു സമീപം താമസിക്കുന്ന ഇക്കൂരത്ത് വടക്കേലെ അലി ഭായി ഡ്രൈവറായി ജോലി നോക്കുന്ന കാലം. കോഴിക്കോട്ടുനിന്ന് ചെമ്പുതകിട് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് നമ്പൂതിരി വാഹനം വിളിച്ചു. അന്നു തുടങ്ങിയ ബന്ധം അവസാന നാൾ വരെ തുടർന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു മുതൽ അവാർഡ് വാങ്ങുന്നതിനു വരെ നടത്തിയ യാത്രകൾക്കു കണക്കില്ല. പലപ്പോഴും എംടി, അക്കിത്തം, വികെഎൻ തുടങ്ങിയ സാഹിത്യകാരന്മാരുമുണ്ടായിരുന്നു.
കഥകളും തമാശകളും പറഞ്ഞ് ദീർഘദൂരയാത്രകൾ എല്ലാവരും മടുപ്പില്ലാതെ ആസ്വദിച്ചു. മോഹൻലാൽ, ജയറാം തുടങ്ങിയവരുടെ വീടുകളും പലതവണ സന്ദർശിച്ചു. അന്നെല്ലാം അലിയെ നമ്പൂതിരി പരിചയപ്പെടുത്തിയത് ‘നല്ലൊരു സുഹൃത്ത്’ എന്നായിരുന്നു. അലിക്കൊപ്പമാണു യാത്രയെങ്കിൽ രാത്രി എത്ര വൈകിയാലും വീട്ടുകാർക്കും ആശങ്കയില്ലായിരുന്നു. ഷാജി എൻ.കരുണിന്റെ ‘സോപാനം’ സിനിമയിൽ ഇരുവരും മുഖം കാണിച്ചതും അലി ഓർത്തെടുത്തു.
ഒരിക്കൽ കുതിരാൻ തുരങ്കത്തിലൂടെ യാത്ര ചെയ്തപ്പോൾ വാഹനം നിർത്തി തുരങ്കത്തിന്റെ സവിശേഷതകൾ നമ്പൂതിരി ഏറെനേരം ആസ്വദിച്ചു. മെട്രോ ട്രെയിനിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ, അതു സാധിച്ചുനൽകാൻ അലിക്കായില്ല.
അലിയുടെ വീടിന്റെ കുറ്റിയടിക്കൽ, തറക്കല്ലിടൽ, കട്ടിളവയ്പ്, പാലുകാച്ചൽ തുടങ്ങിയ ചടങ്ങുകളെല്ലാം നിർവഹിച്ചത് നമ്പൂതിരിയാണ്. തന്റെ ചിത്രം തൽക്ഷണം വരച്ചുനൽകിയതും ഓർമയിലുണ്ട്. ഒടുവിൽ, താൻ ആരംഭിക്കുന്ന കഫേയുടെ ഉദ്ഘാടനം നമ്പൂതിരി നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എത്താമെന്ന് അറിയിച്ചെങ്കിലും ആശുപത്രിയിലായതിനാൽ നടന്നില്ല. ഉദ്ഘാടനം നടന്ന അന്നു രാത്രി നമ്പൂതിരിയുടെ മരണവാർത്തയെത്തി. മൃതദേഹം തൃശൂർ ലളിതകലാ അക്കാദമിയിലേക്കും തിരികെ വീട്ടിലേക്കും എത്തിച്ചപ്പോഴെല്ലാം അലി ഒപ്പമുണ്ടായിരുന്നു.
English Summary: Ali pays homage to Artist Namboothiri