ADVERTISEMENT

എടപ്പാൾ ∙ അന്തരിച്ച പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിക്ക് നാടിന്റെ യാത്രാമൊഴി. നടുവട്ടത്തെ കരുവാട്ടുമന വീട്ടുവളപ്പിൽ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കോരിച്ചൊരിയുന്ന മഴയത്തും നാട്ടുകാരും സാഹിത്യാസ്വാദകരുമടക്കം നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഉച്ചയോടെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിനു കൊണ്ടുപോയി വൈകിട്ട് തിരിച്ചെത്തിച്ചു. ആറരയ്ക്ക് മൂത്തമകൻ കെ.എം.പരമേശ്വരൻ ചിതയ്ക്കു തീകൊളുത്തി. ഇളയമകൻ കെ.എം.വാസുദേവനും മറ്റു ബന്ധുക്കളും ചടങ്ങിൽ പങ്കാളികളായി. നാരായണമംഗലം കുഞ്ഞൻ നമ്പൂതിരിയാണു ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. 

നടൻ വി.കെ.ശ്രീരാമൻ, സംവിധായകരായ ഷാജി എൻ.കരുൺ, പി.ടി.കുഞ്ഞുമുഹമ്മദ്, എഴുത്തുകാരായ റഫീഖ് അഹമ്മദ്, ആലങ്കോട് ലീലാകൃഷ്ണൻ, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ.ബാലമുരളീകൃഷ്ണൻ, ഗുരുവായൂർ ചുമർ ചിത്രകല അക്കാദമി പ്രിൻസിപ്പൽ കെ.യു.കൃഷ്ണകുമാർ, മട്ടന്നൂർ ശങ്കരൻകുട്ടി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ നടുവട്ടത്തെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. മലയാള മനോരമയ്ക്കുവേണ്ടി കോ ഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ അന്ത്യാഞ്ജലി അർപ്പിച്ചു. 

കേരള ലളിതകലാ അക്കാദമിയിൽ മന്ത്രി കെ.രാജൻ, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാധാകൃഷ്ണൻ എന്നിവർക്കുവേണ്ടി തൃശൂർ കലക്ടർ വി.ആർ.കൃഷ്ണതേജ, നടൻ മോഹൻലാലിനുവേണ്ടി ആന്റണി പെരുമ്പാവൂർ, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, സെക്രട്ടറി സി.പി.അബൂബക്കർ, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു, പെരുവനം കുട്ടൻമാരാർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 

English Summary : Artist Namboothiri's burial with full official honours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com