ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്കു സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പണമില്ലാത്തതിനാൽ വൻ പ്രതിസന്ധിയിൽ. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് 727.79 കോടി രൂപയും സ്വകാര്യ ആശുപത്രികൾക്ക് 159.30 കോടി രൂപയുമടക്കം 887.09 കോടി രൂപയാണു കുടിശിക. ഇതിൽ 100.89 കോടി രൂപ കഴിഞ്ഞ ദിവസവും 150 കോടി ഇന്നലെയും ധനവകുപ്പ് അനുവദിച്ചു.  ഈ സാമ്പത്തിക വർഷം ആകെ 338 കോടി രൂപയാണ് അനുവദിച്ചത്. 

വൻ കുടിശിക വന്നതോടെ പല ആശുപത്രികളും സാധാരണക്കാർക്കുള്ള സൗജന്യ ചികിത്സ നാമമാത്രമാക്കി. ചികിത്സയ്ക്കു ചെലവാകുന്ന മൊത്തം തുകയിൽ ഏറിയാൽ 20% വരെ മാത്രമേ ഇപ്പോൾ സൗജന്യമായി ലഭിക്കുന്നുള്ളൂ. ശേഷിക്കുന്ന തുക രോഗി ചെലവഴിക്കണം. അതിദരിദ്രരായ 62,000 കുടുംബങ്ങൾ ഉൾപ്പെടെയാണു ചികിത്സാ സൗജന്യമില്ലാതെ വലയുന്നത്. കോട്ടയം മെഡിക്കൽ കോളജിന് 107.40 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളജിനു 100 കോടി രൂപയും തിരുവനന്തപുരം മെഡിക്കൽ കോളജിനു 95 കോടി രൂപയും കുടിശിക ലഭിക്കാനുണ്ട്.

എല്ലാ മെഡിക്കൽ കോളജുകൾക്കുമായി 500 കോടിയിലേറെയാണ് കുടിശിക. അടുത്ത ഘട്ടം തുക എപ്പോൾ കൊടുക്കുമെന്നു സർക്കാർ പറയുന്നില്ല. മെഡിക്കൽ കോളജുകൾ അടക്കം സർക്കാർ ആശുപത്രികളിൽ ആൻജിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റും അപകടത്തിൽ പരുക്കേൽക്കുന്നവർക്ക് ഉപയോഗിക്കേണ്ട ഇംപ്ലാന്റുകളും വില കൂടിയ മരുന്നുകളും പുറത്തെ ഏജൻസികളിൽനിന്നാണു വാങ്ങുന്നത്. വൻ തുക കുടിശികയായതോടെ ഈ ഏജൻസികൾ മുൻകൂർ പണം നൽകാതെ സാധനങ്ങളും മരുന്നുകളും വിതരണം ചെയ്യില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയാ സാധനങ്ങൾ പ്രധാനമായും ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഡിൽ (എച്ച്എൽഎൽ) നിന്നാണു വാങ്ങുന്നത്. അവർക്കു കുടിശിക ഇനത്തിൽ 25 കോടി രൂപ നൽകാനുണ്ട്. കാസ്പിന്റെ പരിധിയിൽ വരുന്നവർക്കു ചികിത്സയോ ശസ്ത്രക്രിയയോ നടത്തുമ്പോൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) നിയോഗിച്ചിരിക്കുന്ന തേഡ് പാർട്ടി അഡ്വൈസറിൽ (ടിപിഎ) നിന്നു മുൻകൂർ അനുമതി വാങ്ങണം. 38,000 രൂപ ചെലവുണ്ടെന്ന് അറിയിച്ചാൽ ആദ്യഘട്ടത്തിൽ അനുവദിക്കുന്നതു 10,000 രൂപ മാത്രമാണ്. ശേഷിക്കുന്ന 28,000 രൂപ പിന്നീടു തരാമെന്ന് ടിപിഎ അറിയിക്കും. പിന്നെ എസ്എച്ച്എയോ ടിപിഎയോ അതെക്കുറിച്ച് ഒന്നും മിണ്ടില്ലെന്നും സൂപ്രണ്ടുമാർ യോഗത്തെ അറിയിച്ചു.

ഏജൻസികൾ മുഖം തിരിച്ചതോടെ സർക്കാർ ആശുപത്രി അധികൃതർ അവിടെയുള്ള പരിമിതമായ മരുന്നും ഉപകരണങ്ങളും സൗജന്യമായി നൽകി രോഗികളെ സമാധാനിപ്പിച്ചു വിടും. ചെലവേറിയ മരുന്നും ഉപകരണങ്ങളും വേണ്ട ചികിത്സയാണെങ്കിൽ സ്വന്തം പോക്കറ്റിൽനിന്നു ചെലവഴിക്കുകയേ മാർഗമുള്ളൂ.

രോഗം ഗുരുതരം കാത്തിരിപ്പ് 3 നാൾ

കാസ്പ് അംഗങ്ങളുടെ ചികിത്സയ്ക്കു തേഡ് പാർട്ടി അഡ്വൈസർമാരുടെ മുൻകൂർ അനുമതി ലഭിക്കാൻ 3 ദിവസം വരെ കാത്തിരിക്കേണ്ടിവരുന്നതു ക്രൂരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടുമാർ. അത്യാവശ്യ ശസ്ത്രക്രിയകൾ ആണെങ്കിൽ പോലും സമയത്ത് അനുമതി തരില്ല. ഇതിന്റെ പേരിൽ ആശുപത്രിയിൽ കാസ്പിന്റെ ജീവനക്കാരോടു രോഗികളും ബന്ധുക്കളും മോശമായി പെരുമാറുന്നതു പതിവാണെന്നും ധനവകുപ്പിന്റെ യോഗത്തിൽ സൂപ്രണ്ടുമാർ പറഞ്ഞു.

English Summary: Karunya Arogya Suraksha Padhathi in crisis due to shortage of fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com