ADVERTISEMENT

തിരുവനന്തപുരം ∙ ഏക വ്യക്തിനിയമത്തിലെ സെമിനാറിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം തള്ളണോ, കൊള്ളണോ എന്നു ചർച്ച ചെയ്യാൻ ഇന്നു മുസ്‍ലിം ലീഗ് നേതൃയോഗം വിളിച്ചിട്ടുണ്ടെങ്കിലും ലീഗിന്റെ നിലപാടിനെക്കുറിച്ചു കോൺഗ്രസിന് ആശങ്കയില്ല. ലീഗിനെക്കൂടി ക്ഷണിച്ചതിലല്ല, സിപിഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചതിലാണു ലീഗ് ആലോചനയ്ക്കു മുതിരുന്നതെന്ന ബോധ്യത്തിലാണു കോൺഗ്രസ്. വിഷയം ഏക വ്യക്തിനിയമവും, ഒരറ്റത്തു സമസ്തയുമുള്ളതിനാൽ പരുക്കേൽക്കാത്ത തീരുമാനം വേണമെന്ന ലീഗ് നേതൃത്വത്തിന്റെ നിലപാടിനെ അർഹിക്കുന്ന ബഹുമാനത്തിൽ തന്നെ കാണണമെന്നാണു കോൺഗ്രസിന്റെ വികാരം. 

ഏക വ്യക്തിനിയമം ഏതെങ്കിലും മതത്തെ മാത്രം ബാധിക്കുന്നതല്ലെന്ന കോൺഗ്രസിന്റെ നിലപാടു തന്നെയാണ് ഇന്നലെ ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം ആവർത്തിച്ചത്. സമാനചിന്താഗതിക്കാരായ മുഴുവൻ പേരെയും പ്രതിഷേധത്തിൽ അണിനിരത്തണമെന്ന ലീഗിന്റെ ചിന്ത കോൺഗ്രസിന്റെ നിലപാടുമായി ഒത്തുപോകുന്നതുമാണ്. മുസ്‍ലിം സംഘടനകൾക്കു പ്രാമുഖ്യം നൽകി സിപിഎം സെമിനാർ സംഘടിപ്പിക്കുമ്പോൾ, മതവിഭാഗങ്ങൾ, ദലിത്–ഗോത്ര വിഭാഗങ്ങൾ, ബുദ്ധിജീവികൾ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ചുള്ള സമ്മേളനമാണു മേഖലാതലത്തിൽ കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ആഴത്തിലുള്ളതും ബൗദ്ധിക നിലവാരത്തിലുള്ളതുമായ ചർച്ച ‘ബഹുസ്വരതാ സംഗമ’ത്തിൽ നടക്കുമെന്നു പാർട്ടി നേതൃത്വം പറയുന്നു. 

നിയമകാര്യ പാർലമെന്ററി സമിതിയിലെ കോൺഗ്രസ് അംഗവും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ വിവേക് തൻഖയെപ്പോലെയുള്ളവരെ കോഴിക്കോട്ടെ ആദ്യമേഖലാ സമ്മേളനത്തിനെത്തിക്കാനാണു ശ്രമം. സമ്മേളനത്തിന്റെ രീതി, മുഖ്യാതിഥികൾ, ക്ഷണിതാക്കൾ എന്നിവരുടെയെല്ലാം കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകും. 20നു മുൻപ് കോഴിക്കോട്ടെ സംഗമം നടക്കും. 15നാണു സിപിഎമ്മിന്റെ സെമിനാർ. സിപിഎമ്മിനു മുൻപേ നടത്താനുള്ള തിടുക്കവും മത്സരവുമില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയമായതിനാൽ അവധാനതയോടെയുള്ള സമീപനം മതിയെന്നുമാണു കോൺഗ്രസിന്റെ നിലപാട്. 

മണിപ്പുർ വിഷയത്തിൽ കാര്യമായി രംഗത്തു വരാതിരുന്ന സിപിഎം, ഏക വ്യക്തിനിയമത്തിൽ ‘ചാംപ്യൻ’ ആകാൻ ശ്രമിക്കുന്നതു രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്ന ചിന്ത കോൺഗ്രസിനും ലീഗിനുമുണ്ട്. 

English Summary : Congress is not worried about Muslim League's stand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com