ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ വയോജനങ്ങളുടെ വിശദമായ കണക്കെടുക്കുന്നു. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിൽ വിവരങ്ങൾ ശേഖരിക്കും . വയോജനങ്ങൾക്കായി വിവിധ വകുപ്പുകളുടെ പദ്ധതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ‌ ചേർന്ന യോഗത്തിലാണു തീരുമാനം. അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും. ഇതിനായി അങ്കണവാടി വർക്കർമാരുടെ സേവനം ഉറപ്പാക്കാൻ വനിതാ–ശിശുവികസന വകുപ്പിനു നിർദേശം നൽകി. 

വിവിധ വയോജന പദ്ധതികൾ സംബന്ധിച്ച് വാർഡു മെംബർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ മുതലായവർ വഴി പ്രചാരണം നടത്തും. അർഹരായ പലർക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണിത്. 

പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലായിടത്തും എത്തിക്കുന്നതിന് സാമൂഹിക നീതി വകുപ്പിനു ബ്ലോക്ക് തലത്തിൽ ഓഫിസുകൾ തുറക്കും. ജില്ലാ സാമൂഹിക നീതി ഓഫിസർ സമയബന്ധിതമായി അനാഥ, അഗതി, വൃദ്ധ മന്ദിരങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണം. 3 മാസത്തിൽ ഒരിക്കൽ മന്ദിരങ്ങളുടെ പ്രവർത്തനം സംബന്ധിച്ച അവലോകന റിപ്പോർട്ട് സംസ്ഥാന ഓഫിസിന് കൈമാറണം. ഒരു അന്തേവാസിക്ക് 80 ചതുരശ്രയടി സ്ഥല സൗകര്യം ഒരുക്കണമെന്നാണു ചട്ടം. മന്ദിരങ്ങളുടെ റജിസ്‌ട്രേഷൻ പുതുക്കാൻ അപേക്ഷ ലഭിച്ചാൽ ജില്ലാ ഓഫിസർ മന്ദിരം സന്ദർശിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണം. മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ്, എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ.വി.വേണു, പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഷർമിള മേരി ജോസഫ്, എ.പി.എം.മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.

English Summary : Detailed census of elderly population of state is taken

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com