ADVERTISEMENT

കൊച്ചി/ തൃശൂർ/ തിരുവനന്തപുരം ∙ ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽ യുവ ഡോക്ടർമാരുടെ രണ്ടു സംഘങ്ങൾ കുടുങ്ങി. എറണാകുളം ഗവ മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 ഡോക്ടർമാരും തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്നു ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 ഡോക്ടർമാരുമാണു മണാലിയിൽ കുടുങ്ങിയത്.

എറണാകുളം ഗവ. മെഡിക്കൽ കോളജിലെ 2017–22 ബാച്ച് എംബിബിഎസ് വിദ്യാർഥികളായിരുന്ന 17 പെൺകുട്ടികളും 10 ആൺകുട്ടികളുമടങ്ങുന്ന സംഘം 30നാണു മണാലിയിലേക്കു പോയത്. ഇന്നലെ രാവിലെയും സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങൾ വഴി ഇവരുമായി സംസാരിച്ചെങ്കിലും പിന്നീടു ബന്ധപ്പെടാനായില്ല.

മണാലിയിലെ ഹദിംബ ദേവി ക്ഷേത്രത്തിനു സമീപമുള്ള നസോഗി വുഡ്സ്, എച്ച്പിഡബ്ല്യുഡി ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണു ‍ഡോക്ടർമാർ ഇപ്പോഴുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും മണാലി കലക്ടർ‌ അറിയിച്ചതായി എറണാകുളം കലക്ടർ എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.

മണാലിയിൽ നിന്നു 100 കിലോമീറ്റർ അകലെ ഖീർഗംഗയിലാണു തൃശൂരിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമുള്ളത്. 10 പെൺകുട്ടികളും 8 ആൺകുട്ടികളുമടങ്ങിയ സംഘം 14 ദിവസത്തെ യാത്രയ്ക്കായി 24നാണു തൃശൂരിൽ നിന്നു പുറപ്പെട്ടത്. ഇവരെ താമസിപ്പിച്ചിട്ടുള്ള ഹോം സ്റ്റേയിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നു യാത്ര സംഘടിപ്പിച്ച ട്രാവൽ ഏജൻസി അറിയിച്ചു.

ഖീർഗംഗയിൽ നിന്നു മണാലിയിലേക്കുള്ള പാതയിൽ 3 പാലങ്ങൾ ഒലിച്ചു പോയതിനാൽ മടക്കയാത്ര പ്രതിസന്ധിയിലാണ്. ഗതാഗതം വീണ്ടും തുടങ്ങുന്നതുവരെ കാത്തിരിക്കുകയോ സൈന്യത്തിന്റെ സഹായം തേടുകയോ ചെയ്യേണ്ടി വന്നേക്കും. ആഗ്രയിൽ നിന്നു വാനിൽ പുറപ്പെട്ട സംഘം മണാലി, സ്പിറ്റിവാലി, കുളു എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം നാളെ മടങ്ങിയെത്തേണ്ടതായിരുന്നു.

എട്ടിനു ഖീർഗംഗയിലേക്കു ‍ട്രക്കിങ്ങിനു പുറപ്പെട്ട സംഘം കനത്ത മഴ പ്രളയമായി മാറിയതോടെ മലമുകളിലെ ഹോം സ്റ്റേയിൽ കുടുങ്ങി. വൈദ്യുതി ബന്ധം നിലച്ചു 3 ദിവസം കഴിഞ്ഞതോടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായി. നെറ്റ്‍വർക്കും തകരാറിലായതോടെ ആരുമായും ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. ഗതാഗതം പുനരാരംഭിച്ചാലുടനെ ഇവരെ ഡൽഹിയിൽ തിരിച്ചെത്തിക്കാനാണു ശ്രമം.

സുരക്ഷിതരെന്ന് ആരോഗ്യ മന്ത്രി

ഡോക്ടർമാരുടെ സംഘം സുരക്ഷിതരാണെന്നും എറണാകുളത്തു നിന്നുള്ള സംഘത്തിലുള്ള ഡോക്ടർമാരുമായി സംസാരിച്ചുവെന്നും മന്ത്രി വീണ ജോർജ് അറിയിച്ചു. ഹിമാചൽ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയ വിനിമയം നടത്തി. തൃശൂരിൽ നിന്നുള്ള വിദ്യാർഥികളുമായി ഫോണിൽ സംസാരിക്കാനായില്ലെങ്കിലും അവിടത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

English Summary : Team of doctors trapped in Manali is safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com