ADVERTISEMENT

പാലക്കാട് ∙ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ എറണാകുളം മഹാരാജാസ് കേ‍ാളജിന്റെ പേരിൽ തയാറാക്കിയ അധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കെ‍ാച്ചി പാലാരിവട്ടത്തെ ഇന്റർനെറ്റ് കഫേയിൽനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്നു മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ചു സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലീസിനു മൊഴി നൽകിയിരുന്നു. ഫോണിലാണു വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോടു പറഞ്ഞിരുന്നു.

ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയിൽനിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കേ‍ാപ്പി, ബൈൻ‌ഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണു ചെയ്തതെന്നു പെ‍ാലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മെ‍ാഴി അന്വേഷണസംഘം രേഖപ്പെടുത്തി. ജില്ലാ പെ‍ാലീസിലെ സൈബർ വിദഗ്ധന്റെ സഹായത്തേ‍ാടെയായിരുന്നു പരിശേ‍ാധന.   2 വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജിൽ ഹാജരാക്കിയതെന്നു പൊലീസ് പറഞ്ഞു. 

വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതോടെയാണു വിവരങ്ങൾ വീണ്ടെടുക്കാൻ അഗളി ഡിവൈഎസ്പി എൻ.മുരളീധരൻ ഗൂഗിളിനെ സമീപിച്ചത്. കാസർകേ‍ാട് കരിന്തളം ഗവ. കേ‍ാളജിൽ ഹാജരാക്കിയ വ്യാജസർട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയകേന്ദ്രത്തിൽനിന്നു പ്രിന്റ് എടുത്തതാണെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസിൽ‌ ഈ മാസംതന്നെ കുറ്റപത്രം നൽകാനാണു നീക്കം.

English Summary: K Vidya's fake certificate print founded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com