തിരുവനന്തപുരം∙ കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുള്ള കൃഷിവകുപ്പിന്റെ നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായവകുപ്പ് തടഞ്ഞു. കാർഷികോൽപന്ന വിപണന കമ്പനി (കാബ്‌കോ) രൂപീകരിക്കാനായിരുന്നു നീക്കം. ഇരുവകുപ്പുകളും അഭിപ്രായ ഐക്യത്തിൽ എത്തിയശേഷം ഇക്കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

പ്രാദേശിക അടിസ്ഥാനത്തിൽ കാർഷിക വിഭവ വിപണി കണ്ടെത്താനും മൂല്യവർധിത ഉൽപന്നങ്ങൾ വിപണനം ചെയ്യാനും കർഷകർക്കും കർഷക കൂട്ടായ്മകൾക്കും സൗകര്യം ഒരുക്കാനും ലക്ഷ്യമിട്ടുള്ള കാബ്‌കോയുടെ രൂപരേഖ തയാറാക്കാൻ വിദഗ്ധസമിതിക്കു വകുപ്പ് രൂപം നൽകിയിരുന്നു. അവരുടെ റിപ്പോർട്ടു കൂടി പരിഗണിച്ചാണു മുന്നോട്ടു നീങ്ങിയത്. തിരുവനന്തപുരം ആസ്ഥാനമായി രൂപീകരിക്കുന്ന കാബ്‌കോയ്ക്ക് മേഖലാ ഓഫിസ് തുറക്കാനും നിർദേശം ഉണ്ടായിരുന്നു.

ഇക്കാര്യം കൃഷി മന്ത്രി പി.പ്രസാദ് വിശദീകരിച്ചതോടെ വ്യവസായമന്ത്രി പി.രാജീവ് വിയോജിപ്പുമായി രംഗത്തു വന്നു. കമ്പനി സ്ഥാപിക്കുന്നതും വിപണനം നടത്തുന്നതും വ്യവസായ വകുപ്പിന്റെ അധികാര പരിധിയിൽപെടുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാബ്‌കോ രൂപീകരണം റൂൾസ് ഓഫ് ബിസിനസിന് എതിരാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ സിപിഐ മന്ത്രിമാർ പ്രസാദിനെ പിന്തുണച്ചു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്. കമ്പനിയുടെ സ്വഭാവം,ഓഹരി പങ്കാളിത്തം,സാമ്പത്തിക ഘടകങ്ങൾ തുടങ്ങിയവ സംബന്ധിച്ചാണ് അഭിപ്രായ ഐക്യം ഉണ്ടാകേണ്ടത്. കർഷകർക്ക് ഒപ്പം ഫാം പ്രൊഡ്യൂസിങ് കമ്പനികൾക്കും ഓഹരിപങ്കാളിത്തം നൽകുന്നതു പരിഗണിക്കുന്നുണ്ട്.

സ്ഥലം ഏറ്റെ‌‌‌‌ടുക്കൽ യൂണിറ്റുകൾ തുടരും

സംസ്ഥാനത്തെ 13 സ്ഥലം ഏറ്റെടുക്കൽ യൂണിറ്റുകൾക്കു ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകണം എന്ന റവന്യുവകുപ്പിന്റെ ആവശ്യം ധനവകുപ്പിന്റെ എതിർപ്പു മറികടന്നു മന്ത്രിസഭ അംഗീകരിച്ചു.

ഈ ആവശ്യം നേരത്തേ ധനവകുപ്പ് തള്ളിയിരുന്നു. തുടർച്ചാനുമതി നൽകിയില്ലെങ്കിൽ യൂണിറ്റുകളിലെ 248 തസ്തികകളിൽ ശമ്പളം മുടങ്ങുമെന്നും വികസനപദ്ധതികൾക്ക് സ്ഥലം ഏറ്റെടുക്കാൻ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി റവന്യു മന്ത്രി കെ.രാജൻ ഇക്കാര്യം മന്ത്രിസഭയിൽ കൊണ്ടു വരികയായിരുന്നു. 

English Summary: Move of agriculture department to form company was blocked by industrial department