ശബരിമല: ആകാശറെയിലിന് മുൻഗണനയെന്ന് കേന്ദ്രം; 76 കിലോമീറ്റർ, 9000 കോടി രൂപ ചെലവ്

Mail This Article
തിരുവനന്തപുരം ∙ അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിയെക്കാൾ ചെങ്ങന്നൂർ– പമ്പ ആകാശറെയിൽപാതയ്ക്കാണു മുൻഗണനയെന്ന സന്ദേശം കേരളത്തിനു കേന്ദ്ര സർക്കാർ കൈമാറി. സിൽവർലൈൻ പദ്ധതിക്ക് ഇ.ശ്രീധരൻ വഴി ബദൽനിർദേശമുയർത്തിയതിനൊപ്പമാണ്, ശബരിമല തീർഥാടകരെ ലക്ഷ്യമിട്ടുള്ള രണ്ടാം പാതയോടാണു പ്രതിപത്തിയെന്നു കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചത്. ചെങ്ങന്നൂർ–പമ്പ ആകാശപാതയ്ക്കായി താൽപര്യമെടുക്കുന്നതും ഇ.ശ്രീധരനാണ്.
ചെങ്ങന്നൂർ–പമ്പ പാതയുടെ അലൈൻമെന്റ് നിശ്ചയിക്കുന്നതിനുള്ള പ്രാരംഭ സർവേ കേന്ദ്രസർക്കാർ മുൻകയ്യെടുത്തു നടത്തിവരികയാണ്. 9000 കോടി രൂപ ചെലവിൽ 76 കിലോമീറ്റർ ആകാശപാതയാണു പദ്ധതിയിടുന്നത്. 45 മിനിറ്റുകൊണ്ടു ചെങ്ങന്നൂരിൽനിന്നു തീർഥാടകരെ പമ്പയിലെത്തിക്കാനാകുന്ന വേഗപാതയാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആറന്മുളയിൽ മാത്രമാണു സ്റ്റോപ്പ് പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹായമില്ലാതെ പൂർണമായും കേന്ദ്ര റെയിൽപദ്ധതിയായി നടപ്പാക്കാനാണു തീരുമാനം. 2 പദ്ധതികളുടെയും ഡിപിആർ പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കാമെന്നാണു കേന്ദ്ര റെയിൽവേ മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ആകാശ പാതയോടാണു താൽപര്യമെന്ന സന്ദേശമാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കേന്ദ്രം അനൗദ്യോഗികമായി നൽകിയത്.
ഇതേസമയം, ശബരിമല തീർഥാടകർക്കൊപ്പം കൂടുതൽ പേർക്കു പ്രയോജനം ലഭിക്കുമെന്നതിനാലും ഹൈറേഞ്ച് മേഖലയ്ക്കു റെയിൽ യാത്രാസൗകര്യം ലഭിക്കുമെന്നതിനാലും അങ്കമാലി–എരുമേലി പാത ആദ്യം നടപ്പാക്കാനാണു സംസ്ഥാന സർക്കാർ താൽപര്യപ്പെടുന്നത്. ഈ പദ്ധതിയുടെ പകുതിച്ചെലവ് സംസ്ഥാനമാണു വഹിക്കുന്നത്. കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് 3810 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് സംസ്ഥാനം കെ–റെയിൽ വഴി തയാറാക്കി സമർപ്പിച്ചിരുന്നു. എന്നാൽ ഒരു വർഷമായിട്ടും റെയിൽവേയുടെ പരിശോധന പൂർത്തിയായിട്ടില്ല. പുതുക്കിയ എസ്റ്റിമേറ്റിൽ തീരുമാനമെടുക്കാതെയാണു ചെങ്ങന്നൂർ–പമ്പ ആകാശപാതയ്ക്കായി പഠനം തുടങ്ങിയത്.
English Summary : Priority for sky rail to Sabarimala says central government