ADVERTISEMENT

തിരുവനന്തപുരം ∙ കർഷകർക്കു താങ്ങാകാൻ ലക്ഷ്യമിട്ടു കൊച്ചി സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കാനുളള നീക്കം മന്ത്രിസഭാ യോഗത്തിൽ വ്യവസായ വകുപ്പ് തടഞ്ഞ‍തിൽ കൃഷിവകുപ്പിനു കടുത്ത പ്രതിഷേധം. വ്യവസായ വകുപ്പിന്റെ നടപടിയിൽ സിപിഐ മന്ത്രിമാർക്കും അതൃപ്തിയുണ്ടെങ്കിലും പരസ്യമായി പ്രതികരിച്ചിട്ടില്ല. 

കാർഷികോൽ‍പന്നങ്ങൾക്കു രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ടു രൂപീകരിക്കുന്ന കമ്പനിയെ, അധികാര പരിധിയുടെ പേരിൽ എതിർക്കുന്നത് ഉചിതമല്ലെന്നാണു കൃഷി വകുപ്പിന്റെ നിലപാട്. എതിർപ്പുണ്ടായിരുന്നുവെങ്കിൽ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ച വേളയിൽ തന്നെ വിയോജിപ്പു രേഖപ്പെടുത്താമായിരുന്നു എന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. 

കൃഷി വകുപ്പിന്റെ സ്വപ്നപദ്ധതികളൊന്നായിരുന്നു കേരളത്തിൽ കാർഷികോൽപന്ന വിപണന കമ്പനി (കാബ്കോ) രൂപീകരണം. റബറിനു മെച്ചപ്പെട്ട വില ഉറപ്പാക്കുന്നതിനു മൂല്യവർധിത ഉൽപന്നങ്ങൾ തയാറാക്കാൻ സിയാൽ മോഡൽ കമ്പനി രൂപീകരിക്കുമെന്നു കൃഷി മന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ 2021ൽ നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ, റബറിൽ മാത്രം ഒതുക്കാതെ കാർഷികോൽ‍പന്നങ്ങൾക്കു വിപണി കണ്ടെത്തണം എന്ന നിലപാടായിരുന്നു മന്ത്രി പി.പ്രസാദിന്. കർഷക കൂട്ടായ്മകളുമായി ചേർന്നു കാർഷിക ഉൽപന്ന വിപണന കമ്പനിയാണു കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ കമ്പനി രൂപീകരിക്കും എന്ന് മന്ത്രി പ്രസാദ് പറഞ്ഞിരുന്നു. ഇതിനായി സമിതി രൂപീകരിച്ച് നടപടി വേഗത്തിലാക്കിയിരുന്നു. 

കാബ്കോ വിഷയത്തിൽ നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാനാണു വ്യവസായ വകുപ്പ് തീരുമാനം. മന്ത്രിസഭാ യോഗത്തിനു മുൻപാകെയുള്ള അജൻഡയിൽ ചർച്ചകളും എതിർപ്പുകളും ഉണ്ടാകുന്നതു സ്വാഭാവികമാണെന്നാണു തർക്കത്തെക്കുറിച്ചു സർക്കാർ വൃത്തങ്ങൾ പറയുന്നത്. മന്ത്രി പി.പ്രസാദ് ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം വ്യവസായ മന്ത്രിയുമായി ചർച്ച നടത്തും. 

പിന്നോട്ടില്ലെന്ന് കൃഷിമന്ത്രി

ന്യൂഡൽഹി ∙ കാബ്കോ രൂപീകരണ തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു കൃഷി മന്ത്രി പി.പ്രസാദ്. ഏതു സംരംഭം ആരംഭിക്കുമ്പോഴും ചർച്ചകൾ സ്വാഭാവികമാണ്; സ്വാഗതാർഹമാണ്. ചർച്ചകൾക്കെല്ലാം ഒടുവിൽ കാബ്കോ യാഥാർഥ്യമാക്കുക തന്നെ ചെയ്യും – മന്ത്രി പറഞ്ഞു. 

English Summary : Strong protest to the agriculture department on blocking company formation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com