ADVERTISEMENT

തിരുവനന്തപുരം ∙ ലോകകേരള സഭയുടെ വിദേശ മേഖലാ സമ്മേളനങ്ങളുടെ ചെലവു വഹിക്കുന്നത് അവിടെ രൂപീകരിക്കുന്ന സംഘാടക സമിതിയാണെന്നും അതുകൊണ്ടു സമ്മേളനത്തിന്റെ വരവു ചെലവ് പരിശോധിക്കാറില്ലെന്നുമുള്ള ലോകകേരള സഭാ സെക്രട്ടേറിയറ്റിന്റെ വാദം പൊളിച്ച് സർക്കാർ ഉത്തരവ്. 

ലോകകേരള സഭയ്ക്കായി ഈ വർഷം ബജറ്റിൽ നീക്കിവച്ച രണ്ടരക്കോടി രൂപ അനുവദിച്ചുകൊണ്ട് നോർക്ക വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിൽ, 50 ലക്ഷം രൂപ മേഖലാ സമ്മേളനങ്ങളുടെ ചെലവിനാണെന്നു വ്യക്തമായി നിർദേശിക്കുന്നു. മേഖലാ സമ്മേളനത്തിനായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതു ലോക കേരളസഭയുടെ ഡയറക്ടറാണെന്നും ഈ മാസം 13ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 

ന്യൂയോർക്കിലെ മേഖലാ സമ്മേളനം സ്പോൺസർഷിപ്പിന്റെ പേരിൽ വിവാദത്തിലായ പശ്ചാത്തലത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു ലോകകേരള സഭാ സെക്രട്ടേറിയറ്റ് നൽകിയ മറുപടി ഇങ്ങനെ: ‘‘മേഖലാ സമ്മേളനത്തിനു സ്പോൺസർഷിപ് കണ്ടെത്തുന്നതിനും മറ്റു ചെലവുകൾ വഹിക്കുന്നതിനും സർക്കാർതലത്തിൽ ഇടപെടൽ നടത്തിയിട്ടില്ല. പ്രവാസി മലയാളികൾ നേരിട്ടു ചെലവുകൾ വഹിക്കുന്നതിനാൽ, മേഖലാ സമ്മേളനത്തിന്റെ ചെലവിന്റെ വിവരം ഈ ഓഫിസിൽ ലഭ്യമല്ല’’. 

സർക്കാരിനു ചെലവില്ലെന്നു വാദിച്ചാണു മേഖലാ സമ്മേളനത്തിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടെന്നു ലോകകേരള സഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എന്നാൽ, ബജറ്റ് വിഹിതമായി പ്രഖ്യാപിച്ച രണ്ടരക്കോടിയിൽ 50 ലക്ഷം രൂപ വേണ്ടതു മേഖലാ സമ്മേളനത്തിന്റെ ആവശ്യത്തിനാണെന്നു മേയ് 16നു ലോകകേരള സഭാ ഡയറക്ടർ വകുപ്പിനു നൽകിയ കത്തിൽ പറയുന്നു. ഇക്കാര്യം തുക അനുവദിച്ചുകൊണ്ടുള്ള നോർക്ക വകുപ്പിന്റെ ഉത്തരവിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നരക്കോടി രൂപ മുടക്കേണ്ടത് 2, 3 ലോകകേരള സഭകളുടെ ശുപാർശകൾ നടപ്പാക്കുന്നതിനുള്ള ഡോക്യുമെന്റേഷൻ, ശമ്പളം വകയിലാണ്. വെബ്സൈറ്റ് പരിപാലനം, ഐടി സൗകര്യമൊരുക്കൽ, ഓഫിസ് ചെലവ് എന്നിവയ്ക്കാണു ബാക്കി 50 ലക്ഷം. 

ന്യൂയോർക്കിൽ ജൂണിൽ സംഘടിപ്പിച്ചതു കൂടാതെ, സെപ്റ്റംബറിൽ സൗദി അറേബ്യയിലും ഈ വർഷം മേഖലാ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. മേഖലാ സമ്മേളനത്തിനു ഖജനാവിലെ പണം ചെലവിടുന്നുണ്ടെന്നു സർക്കാർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ഓഡിറ്റ് നടത്തുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. 

English Summary: Kerala government sactioned 50 lakhs for loka kerala sabha regional conferences confirms government order

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com