ADVERTISEMENT

കൊച്ചി ∙ രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും പുതിയ ചിത്രമായ ‘പദ്മിനി’യുടെ പ്രചാരണ പരിപാടികൾക്ക് നടൻ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ല എന്ന നിർമാതാവിന്റെ ആരോപണം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചർച്ച ചെയ്യും. ദേശീയ അവാർഡ് ജേതാവ് സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മിനി. സിനിമയുടെ ഒരു പ്രമോഷൻ പരിപാടിക്കും നായകനായ കുഞ്ചാക്കോ ബോബൻ പങ്കെടുത്തില്ലെന്നും ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന സമയത്ത് വിതരണക്കാരെ മാറ്റണമെന്നും പുതിയ പ്രൊഡ്യൂസറെ തരാമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞതായും നിർമാതാവ് സുവിൻ വർക്കി ആരോപിച്ചു. ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബന്റെ മറുപടി വന്ന ശേഷം കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നു സുവിൻ വ്യക്തമാക്കി. വിഷയത്തിൽ കുഞ്ചാക്കോ ബോബൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘‘നിർമാതാക്കളുടെ സംഘടനയിൽ നിന്ന് നിർമാതാവ് എന്ന രീതിയിൽ എനിക്കു നീതി കിട്ടിയില്ല. കുഞ്ചാക്കോ ബോബൻ പ്രമോഷന് പങ്കെടുത്തില്ല എന്നു പരാതിപ്പെട്ടപ്പോൾ ബാക്കി കൊടുക്കാനുള്ള 42 ലക്ഷം രൂപ നൽകാനാണ് സംഘടനയിൽ നിന്ന് എന്നോടു നിർദേശിച്ചത്. എന്റെ ചിത്രം റിലീസ് മുടങ്ങുമെന്ന ഘട്ടം വന്നപ്പോൾ ആ പണവും നൽകി. എന്നാൽ ഫെയ്സ് ബുക്കിൽ രണ്ട് പോസ്റ്റിട്ടത് ഒഴിച്ചാൽ കുഞ്ചാക്കോ ബോബൻ യാതൊന്നും ചെയ്തില്ല. സിനിമയുടെ പ്രമോഷനു വേണ്ടി ഹോട്ടലിൽ മുറിയെടുത്ത് ദേശീയ അവാർഡ് ജേതാക്കളായ അപർണ ബാലമുരളിയും സംവിധായകൻ സെന്ന ഹെഗ്ഡെയും കാത്തിരുന്നിട്ടും നടൻ വന്നില്ല. മുൻപും കുഞ്ചാക്കോ ബോബൻ തന്റെ ചിത്രങ്ങളുടെ പ്രമോഷനുമായി സഹകരിക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അന്ന് നിർമാതാവ് പരാതിപ്പെട്ടിട്ടില്ലെന്നു മാത്രം’’ – സുവിൻ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ നിസ്സഹകരിക്കുന്നതു കൊണ്ട് ചിത്രത്തിന്റെ പുതിയ പ്രമോഷൻ പോസ്റ്ററുകളിൽ അദ്ദേഹത്തിന്റെ ചിത്രത്തിൽ കറുപ്പ് ഷേഡ് ചെയ്ത് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കി. സിനിമയാണ് താരമെന്നാണ് പോസ്റ്ററിന്റെ പഞ്ച് ലൈൻ. സിനിമയുടെ റിലീസിന് രണ്ടു ദിവസം മുൻപ് പോലും ഇത്തരമൊരു പരാതി ലഭിച്ചില്ലെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എന്നാൽ ജൂലൈ 3ന് ചിത്രത്തിന്റെ സഹനിർമാതാക്കളിൽ ഒരാളായ പ്രശോഭ് അസോസിയേഷനിൽ പരാതി നൽകിയെന്ന നിലപാടിലാണ് സുവിൻ വർക്കി.

English Summary: Padmini movie producer Suvin Varkey claims Kunchacko Boban refused to promote film despite charging two and half crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com