ADVERTISEMENT

കോട്ടയം ∙ ഇതൊരു വിലാപയാത്രയല്ല. ഹൃദയങ്ങൾ കീഴടക്കിയ ഒരു ജനനേതാവിന്റെ ജൈത്രയാത്രയാണ്. കേരളക്കരയിലെ 3 കോടിയിലേറെ ജനങ്ങളുടെ ഹൃദയത്തിൽ കയ്യൊപ്പിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഉചിതമായ മടക്കം. 

പുതുപ്പള്ളിക്കവലയിൽ നിന്നു തിരിഞ്ഞാൽ ആദ്യം ആശ്വാസത്തിന്റെ വീടും പിന്നെ വിശ്വാസത്തിന്റെ വീടുമാണ്. ഉമ്മൻ ചാണ്ടി ഇന്നലെ ആദ്യവീട്ടിൽ നിന്നിറങ്ങി രണ്ടാമത്തെ വീട്ടിലേക്കു പോയി- വിശ്രമത്തിനായി. ഔദ്യോഗിക ബഹുമതികളുടെ ഭാഗമായുള്ള ഗൺ സല്യൂട്ട് അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച് ഒഴിവാക്കിയിരുന്നു. പക്ഷേ, പുതുപ്പള്ളിയിലെ ജനസാഗരം അദ്ദേഹത്തിനു നൽകിയത് നിറകൺ സല്യൂട്ട്! 

ക്ലോക്കിലെ മണിക്കൂർ സൂചി പോലെ മെല്ലെ നീങ്ങിയ പുഷ്പാലംകൃതമായ കെഎസ്ആർടിസി ബസ് ഇന്നലെ കോട്ടയത്തിന്റെ ഹൃദയഭൂമിയായ തിരുനക്കരയിലെത്തിയത് എത്രയോ മണിക്കൂറുകൾ വൈകി രാവിലെ 11 ന് ശേഷം. തിരക്കാണ് തന്റെ ഹരം എന്നു പ്രഖ്യാപിച്ച നേതാവിന് തിരുനക്കരയിൽ സ്നേഹത്തിര തീർത്തു ജനം. എത്രയോ തവണ ആ മൈതാനത്ത് ഉമ്മൻ ചാണ്ടിയുടെ സൗമ്യസ്വരം അവർ കേട്ടിട്ടുണ്ട്. ഇന്നലെ ഇവർ അദ്ദേഹത്തിനു ശബ്ദോപചാരം ചൊല്ലി- മുല്ലപ്പൂവിൻ മണമുള്ള, ആമ്പലു പോലെ മനസ്സുള്ള, കണ്ണേ കരളേ കു‍ഞ്ഞൂഞ്ഞേ..

തിരശീലയിലെ താരങ്ങൾ വരെയുള്ള ആ ആരാധകക്കൂട്ടത്തെ ആശ്വസിപ്പിക്കാൻ ശേഷിയുള്ള ഒരാൾ മാത്രമേ ആ മൈതാനത്തുണ്ടായിരുന്നുള്ളൂ. പക്ഷേ, അദ്ദേഹം വേദിയിൽ നിശ്ശബ്ദ നിദ്രയിലായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ ജന്മനാടായ പുതുപ്പള്ളിയിലേക്കു നീങ്ങിയ ബസിന് പാതയോരത്ത് ഗാർഡ് ഓഫ് ഓണർ തീർത്തു ജനം. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്നു വച്ച മനുഷ്യന് ജനകീയ ബഹുമതി. ശീതീകരിച്ച മുറികൾ ഇഷ്ടമില്ലാതിരുന്ന ഒരു മുഖ്യമന്ത്രിയുടെ യാത്ര ആ സ്നേഹത്തണുപ്പിന്റെ സ്വാസ്ഥ്യത്തിലായിരുന്നു. പണ്ടൊരിക്കൽ കല്ലേറു വീണ നെറ്റിയിൽ പൂക്കൾ. ഒപ്പം ഒരു മന്ത്രിസഭായോഗത്തിലെന്ന പോലെ കോൺഗ്രസ് നേതാക്കൾ. അപ്പായോടുള്ള സ്നേഹവായ്പ്പിന് പ്രത്യഭിവാദ്യമായി വികാരാധീനനായി കൈ കൂപ്പുന്ന മകൻ ചാണ്ടി ഉമ്മൻ. 

പുതുപ്പള്ളിയിലെ സംസ്കാരച്ചടങ്ങുകൾ പലപ്പോഴും ഉമ്മൻ ചാണ്ടിയെത്തുന്നതുവരെ നീട്ടിവയ്ക്കുകയായിരുന്ന പതിവ്. ഇന്നലെയും തെറ്റിയില്ല; ഉമ്മൻ ചാണ്ടി എത്തുന്നതുവരെ നാട് കാത്തിരുന്നു. 

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ തറവാടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തിക്കുമ്പോൾ സൂര്യൻ അസ്തമിച്ചിരുന്നു. 

സ്വന്തം ഓഫിസ് വരെ ക്യാമറക്കണ്ണുകൾക്കു മുന്നിൽ തുറന്നുവച്ച മുഖ്യമന്ത്രിയുടെ അവസാനയാത്ര തൽസമയം പകർത്തി മാധ്യമപ്രവർത്തകർ. 

അന്ത്യശുശ്രൂഷകൾക്കു ശേഷം പണി തീരാത്ത പുതിയ വീട്ടിലേക്ക് ഉമ്മൻ ചാണ്ടിയുടെ യാത്ര. ഉറ്റ കൂട്ടുകാരൻ എ.കെ.ആന്റണി അടക്കമുള്ളവർക്കു മുന്നിൽ പൊതുദർശനം. ഉരുകിത്തീരുന്ന ഒരു മെഴുകുതിരിക്കു മുന്നിൽ കര‍ഞ്ഞു കലങ്ങിയ കണ്ണുകളോടെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ. അധികം വൈകാതെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക്. 

എല്ലാ ഞായറാഴ്ചയും പള്ളി പിരിഞ്ഞതിനു ശേഷം നിവേദനം നൽകാനെത്തുന്നതു പോലെ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിക്കു മുന്നിൽ വരിനിന്നു. അക്കൂട്ടത്തിലൊരാളായി കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധിയും. 

തുടർന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരശുശ്രൂഷ. ഒടുവിൽ ദേവാലയത്തിന്റെ സെമിത്തേരിയിൽ വൈദികശ്രേഷ്ഠർക്കരികെ ഒരുങ്ങിയ പ്രത്യേക കല്ലറയിലേക്ക് ഉമ്മൻ ചാണ്ടി. 

ഈ ആറടി മണ്ണിലല്ല, ഈ നാട്ടിലെ സാധാരണക്കാരുടെ മനസ്സിലാണ് ഉമ്മൻ ചാണ്ടിയുടെ അന്ത്യവിശ്രമം.

English Summary : Oommen Chandy rests eternally in Puthupally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com