തിരുവനന്തപുരം ∙ കോക്ലിയർ ഇംപ്ലാന്റ് പുതുക്കാൻ 25 കുട്ടികൾക്കായി 59.47 ലക്ഷം രൂപ അനുവദിച്ചതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്എച്ച്എ) അറിയിച്ചു. സാമൂഹിക സുരക്ഷാ മിഷൻ കൈമാറിയ പട്ടികയിലെ കുട്ടികൾക്കാണു തുക അനുവദിച്ചത്. ‘ശ്രുതിതരംഗം’ പദ്ധതി ആരംഭിക്കുന്നതിനു മുൻപ് കോക്ലിയർ ഇംപ്ലാന്റ് ചെയ്ത കുട്ടികൾക്കാണു പ്രയോജനം ലഭിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗതീരുമാനപ്രകാരമാണു നടപടി.  ‘ശ്രുതിതരംഗം’ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ കാര്യത്തിൽ തീരുമാനമായില്ല.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 2012ൽ ആണു ശ്രുതിതരംഗം പദ്ധതി തുടങ്ങിയത്. ഇതിനുശേഷം കോക്ലിയർ ഇംപ്ലാന്റ് ചെയ്തവരിൽ 360 കുട്ടികളുടെ ഉപകരണങ്ങളുടെ കാലാവധി അവസാനിച്ചിട്ട് 3 മാസമായി. ഇക്കൂട്ടത്തിൽ 37 പേരുടെ ഉപകരണങ്ങൾ പൂർണമായും പ്രവർത്തനരഹിതമാണ്. ഇതു സംബന്ധിച്ചു മലയാള മനോരമ  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ (സിയാക്സ്) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും നടത്തി. കുട്ടികളുടെ പഠനം തടസ്സപ്പെട്ടിട്ടും സാമൂഹിക നീതി– ആരോഗ്യ വകുപ്പുകൾ ഇടപെട്ടില്ല.

ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ നടത്തിയിരുന്നതും തുടർസഹായം നൽകിയിരുന്നതും സാമൂഹിക നീതി വകുപ്പായിരുന്നു. പദ്ധതി ആരോഗ്യവകുപ്പിനു കീഴിലാക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ഇതിന്റെ നടപടികൾ പൂർത്തിയായിട്ടില്ല.

 

English Summary: Fund allocated for ‘Sruthi thrangam’ project