ADVERTISEMENT

കണ്ണൂർ ∙ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ സിബിഐ ഡയറക്ടർക്കു കത്തയച്ചു. പി.ജയരാജനെയും ടി.വി.രാജേഷിനെയും പ്രതിചേർത്തതു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ഇടപെടലിനെ തുടർന്നാണെന്ന കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണു കത്ത്. ജൂൺ 30ന് കണ്ണൂരിൽ ഷെഫീർ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ കത്തിനൊപ്പം നൽകിയിട്ടുണ്ട്.

എഫ്ഐആർ ഇടാൻ കെ.സുധാകരൻ സ്വാധീനം ചെലുത്തിയെന്നാണു ഷെഫീറിന്റെ പരാമർശമെന്നു കത്തിൽ പറയുന്നു. അഭിഭാഷകനായ നേതാവിൽനിന്ന് അത്തരമൊരു പരാമർശം ഉണ്ടായതു നിസ്സാരമായി കാണാനാകില്ല.

അന്വേഷണം നടത്തിയല്ല പ്രതികളെ നിശ്ചയിച്ചതെന്നു വ്യക്തമാണ്. ഷെഫീറിന്റെ ആരോപണങ്ങൾ തെറ്റാണെങ്കിൽ സുധാകരൻ നിഷേധിക്കണമായിരുന്നു. അതുണ്ടായില്ല. 

സംഭവം നടക്കുമെന്ന് അറിയാമായിരുന്നിട്ടും അറിയിച്ചില്ല എന്ന കുറ്റമാണ് യുഡിഎഫ് ഭരണകാലത്ത് പൊലീസ് ചുമത്തിയത്. കേസ് സിബിഐ ഏറ്റെടുത്തെങ്കിലും സുധാകരൻ ഡൽഹിയിൽ സ്വാധീനിച്ചതിന്റെ ഫലമായാണു കേസിൽ തങ്ങൾ ഉൾപ്പെട്ടത്. കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി പ്രതിപ്പട്ടികയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണു കത്തിൽ ആവശ്യപ്പെട്ടതെന്നു പി.ജയരാജൻ പറഞ്ഞു.

English Summary: P Jayarajan letter to CBI director demanding removal from Ariyil Abdul Shukur murder case accused list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com