ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാനത്തു സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാൻ 6 ദിവസം ശേഷിക്കെ വിരലടയാളം നൽകാൻ ബാക്കിയുള്ളത് 12,42,135 ഗുണഭോക്താക്കൾ. കുറഞ്ഞസമയം കൊണ്ട് ഇതു പൂർത്തിയാകാൻ സാധ്യതയില്ലെന്നിരിക്കെ വലിയൊരു വിഭാഗം പേർ ഗുണഭോക്തൃപട്ടികയിൽനിന്നു പുറത്താകുമെന്ന് ഉറപ്പായി. ജൂൺ 30 വരെ അനുവദിച്ച സമയപരിധി ഒരു മാസം കൂടി നീട്ടി നൽകിയതാണെന്നും ഇനി ദീർഘിപ്പിക്കാൻ സാധ്യതയില്ലെന്നും ധനവകുപ്പ് അധികൃതർ അറിയിച്ചു. 

12 ലക്ഷത്തോളം പേർ ഒഴിവാക്കപ്പെട്ടാൽ സർക്കാരിനു മാസം 198 കോടിയോളം രൂപ ചെലവു കുറയും. തീയതി നീട്ടാത്തതു സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിലാണെന്നാണു സൂചന.

അതേസമയം, അർഹതയുള്ളവർ അടുത്തമാസങ്ങളിൽ മസ്റ്ററിങ് പൂർത്തിയാക്കിയാൽ പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടും. കുടിശിക കിട്ടില്ല. ഏപ്രിലിലെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 

സർക്കാരിന്റെ സേവന പെൻഷൻ പോർട്ടലിലെ പുതുക്കിയ വിവരങ്ങൾ അനുസരിച്ച് 52,47,566 പേർ സാമൂഹിക പെൻഷൻ കൈപ്പറ്റുന്നുണ്ട്. ഇതിൽ 40,05,431 പേരാണു മസ്റ്ററിങ് പൂർത്തിയാക്കിയത്. 

കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ 5 വിഭാഗങ്ങളിൽ 1600 രൂപ വീതമാണു പ്രതിമാസ പെൻഷൻ ലഭിക്കുക. 

2019 മുതലാണു സംസ്ഥാനത്ത് ബയോമെട്രിക് മസ്റ്ററിങ് നടപ്പിലാക്കിയത്. മരിച്ചവരുടെ പേരിൽ മറ്റാരെങ്കിലും പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാനാണു ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. പെൻഷൻ വാങ്ങുന്നവർ അക്ഷയകേന്ദ്രങ്ങളിൽ ആധാർ കാർഡുമായി പോയി വിരലടയാളം പതിപ്പിച്ചാണു മസ്റ്ററിങ് നടത്തേണ്ടത്.

English Summary : Six days left for Welfare Pension Mustering

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com