ADVERTISEMENT

ആലുവ ∙ അഞ്ചുവയസ്സിന്റെ കൗതുകക്കണ്ണുകളിൽ അവൾ കേരളത്തെ കണ്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. മലയാള വാക്കുകൾ കഷ്ടിച്ച് എഴുതിപ്പഠിച്ചു തുടങ്ങിയ അതിഥിബാലിക. ആലുവ തായിക്കാട്ടുകരയിൽനിന്നു വെള്ളിയാഴ്ച വൈകിട്ടു കാണാതായ ബിഹാർ സ്വദേശിയായ 5 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അറസ്റ്റിലായ പ്രതി ബിഹാർ പരാരിയ സ്വദേശി അസഫാക് ആലത്തിന് (28) എതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കു പുറമേ ‘പോക്സോ’ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. 

ആലുവ മാർക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേർന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകൾ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. തായിക്കാട്ടുകര ഗാരിജിനു സമീപം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കഴിയുന്ന കെട്ടിടത്തിലാണ് പെൺകുട്ടി മാതാപിതാക്കളും മൂന്നു സഹോദരങ്ങളുമൊത്തു താമസിച്ചിരുന്നത്. 2 ദിവസം മുൻപ് ഇവിടെ താമസിക്കാനെത്തിയ പ്രതി വെള്ളിയാഴ്ച പകൽ മൂന്നോടെയാണു കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് രാത്രി ഒൻപതിന് ആലുവ തോട്ടയ്ക്കാട്ടുകരയിൽനിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇയാളുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. കുട്ടിയെ ആർക്കെങ്കിലും കൈമാറിയിരിക്കാമെന്ന നിഗമനത്തിൽ സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു.

പണം വാങ്ങി സക്കീർ ഹുസൈൻ എന്നൊരാൾക്കു കുട്ടിയെ കൈമാറിയതായി ഇന്നലെ രാവിലെ പ്രതി പറഞ്ഞു. ഇയാളുടെ 2 സുഹൃത്തുക്കളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതിനിടെ പൊലീസിനു ലഭിച്ച ഫോ‍ൺ കോൾ വഴിത്തിരിവായി. വെള്ളിയാഴ്ച കുട്ടിയെ പ്രതിക്കൊപ്പം കണ്ടതായി ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയാണ് അറിയിച്ചത്. പകൽ 11.45നു മാർക്കറ്റ് പരിസരത്ത് പെരിയാറിന്റെ തീരത്തോടു ചേർന്നു മൃതദേഹം കണ്ടെത്തി. കൊലപ്പെടുത്തിയതായി അതിനുശേഷമാണു പ്രതി സമ്മതിച്ചത്. കൂട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറിനകം കുട്ടിയെ കൊലപ്പെടുത്തിയതായി കരുതുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിൽ ഇന്നു രാവിലെ 8 നു പൊതുദർശനം; തുടർന്ന് 9നു കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കാരം.

മേലാകെ ഗുരുതര മുറിവുകൾ; പ്രതി ഒറ്റയ്ക്കെന്ന് സൂചന

പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പൊലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്നു പൊലീസ് പറഞ്ഞു.

ലൈംഗിക വൈകൃതം നിറഞ്ഞ വിഡിയോകൾ കാണുന്ന ശീലം പ്രതിക്കുണ്ടായിരുന്നു. മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവായിരുന്നു. പ്രതി ഒറ്റയ്ക്കാണു കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ നിഗമനം. പ്രതിയുടെ സുഹൃത്തുക്കളായ 2 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും ഇവർക്കു കൊലപാതകത്തിൽ പങ്കില്ലെന്നാണു പൊലീസ് കരുതുന്നത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

English Summary: Five year old child murdered in Aluva

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com