ADVERTISEMENT

കൊട്ടാരക്കര∙ ഡോ.വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. പരമാവധി തെളിവുകൾ ശേഖരിച്ച് 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച്  അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം. 

11 വകുപ്പുകൾ

പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന് എതിരെയുള്ളത്‍. കൊലപാതകം (302), കൊലപാതകശ്രമം  (307), തെളിവു നശിപ്പിക്കൽ (201), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം  സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവ ദിവസം പുലർച്ചെ നാലര മുതൽ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയിൽ നടത്തിയ ആക്രമണങ്ങളുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് തെളിവുകളിൽ പ്രധാനമായി റിപ്പോർട്ടിലുള്ളത്. 

ദൃക്സാക്ഷി മൊഴി

രോഷാകുലനായ സന്ദീപ് ആശുപത്രി മുറിയിൽ നിന്നു കൈവശപ്പെടുത്തിയ 20 സെമി നീളമുള്ള ആറ് സെന്റി മീറ്ററിലേറെ കൂർത്ത മുനയുള്ള സ്റ്റീൽ കത്രികയുമായി നടത്തിയ പരാക്രമം സമയക്രമം അനുസരിച്ചു കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന പതിനൊന്ന് പേരുടെ മൊഴിയും രേഖപ്പെടുത്തി. നിരീക്ഷണ ക്യാമറയുടെ ഹാർ‌ഡ് ഡിസ്ക് ക്രൈംബ്രാഞ്ച് സംഘം തെളിവായി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഏഴ് തവണ കുത്തേറ്റ ഹോം ഗാർഡ് വൈ. അലക്സ്കുട്ടി, കുത്തേറ്റ പൊലീസ് ഓഫിസർ മണിലാൽ, സന്ദീപിന്റെ പരിസരവാസികൾ എന്നിവരുടെ മൊഴി ഇവർക്കെതിരായ ആക്രമണത്തിലെ വകുപ്പുകൾ സഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവെടുക്കൽ സമയത്ത് കൃത്യ വിവരണം സന്ദീപ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ ഡിജിറ്റൽ തെളിവുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. 

11 അംഗ സംഘം

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന് പുറമേ കൊട്ടാരക്കര സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത്, ക്രൈം ബ്രാഞ്ച് എസ്ഐമാരായ സി. മനോജ്കുമാർ, വൈ. ബേബി ജോൺ, പി. ജോസ്, ഇ.നിസാമുദീൻ, എഎസ്ഐ ഡി. ജിജിമോൾ, ഓഫിസർമാരായ ബി. ബിനു, മഹേഷ് മോഹൻ, നജീം, ഹരിഗോവിന്ദ്, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. 

സമാനതകളുമായി ഉത്രക്കേസ്

ഉത്ര വധക്കേസ് അന്വേഷണത്തിലെ സമാനതകൾ ഡോ.വന്ദന ദാസ് കൊലക്കേസ് അന്വേഷണത്തിലുമുണ്ട്. ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ വിദഗ്ധസംഘങ്ങളെ രൂപീകരിച്ചായിരുന്നു ഇരു കേസിലും അന്വേഷണം. ഇവരുടെ പഠന റിപ്പോർട്ട് ഉൾപ്പെടുത്തി. ഇരുപതിലേറെ ശാസ്ത്രീയ റിപ്പോർട്ടുകളാണ് ഡോ.വന്ദന കേസിൽ ഉള്ളത്. 7 ഡോക്ടർമാരുടെ മെഡിക്കൽ സംഘത്തിനും രൂപം നൽകി. ഉത്രക്കേസ് അന്വേഷണ സംഘത്തിലെ രണ്ട് ഓഫിസർമാർ‌ ഡോ.വന്ദനക്കേസിലും പങ്കാളികളായി. എസ്ഐ സി. മനോജ്കുമാർ, സൈബർ സെല്ലിലെ മഹേഷ് മോഹൻ എന്നിവർ.

English Summary : Series of evidence in Dr. Vandana Das murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com