ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ (ബിഎഫ്ഒ) സ്ഥലംമാറ്റം അട്ടിമറിച്ചെന്നു പരാതി. വർഷങ്ങളായി ഒരേ സ്റ്റേഷനുകളിൽ ജോലി നോക്കുന്നവരാണ് അധികാരികളുടെ മൗനാനുവാദത്തോടെ അവിടെത്തന്നെ തുടരുന്നത്. സ്ഥലംമാറ്റ ഉത്തരവു പ്രഹസനമാകുന്നതിനു പിന്നിൽ രാഷ്ട്രീയസ്വാധീനവും അഴിമതിയുമുണ്ടെന്നാണ് ആരോപണം.

ജൂൺ മൂന്നിനാണു പൊതുസ്ഥലംമാറ്റ ഉത്തരവു പുറത്തിറങ്ങിയത്. രണ്ടു മാസം കഴിഞ്ഞിട്ടും എറണാകുളം ജില്ലയിൽ പൊതുസ്ഥലംമാറ്റത്തിൽ ഉൾപ്പെട്ട 44 ബിഎഫ്ഒമാരിൽ 28 പേരും ‘സ്ഥലംമാറിയിട്ടില്ല’. ജില്ലയിലെ നിയമനാധികാരിയായ മലയാറ്റൂർ ഡി എഫ്ഒ രേഖാമൂലം ആവശ്യപ്പെട്ടിട്ടു പോലും ‘ആശ്രിതവത്സലരായ’ ചില റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർ (ആർഎഫ്ഒ) സ്ഥലംമാറ്റം ലഭിച്ച ബിഎഫ്ഒമാർക്കു വിടുതൽ നൽകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ സ്റ്റേഷനുകളിലേക്കു സ്ഥലംമാറിയെത്തേണ്ട ഉദ്യോഗസ്ഥരും ത്രിശങ്കുവിലായി. എറണാകുളത്തിനു പുറമേ പത്തനംതിട്ട, പാലക്കാട്, തൃശൂർ തുടങ്ങിയ ജില്ലകളിലും സമാനപ്രതിസന്ധിയുണ്ട്.

ഓൺലൈൻ മുഖേന നടത്താനിരുന്ന ഈ സ്ഥലംമാറ്റം ഉദ്യോഗസ്ഥർ സ്പാർക്ക് സോഫ്‌റ്റ്‌വെയറിൽ തെറ്റായ വിവരങ്ങൾ നൽകി അട്ടിമറിച്ചിരുന്നു. ഇതോടെയാണു നിയമനാധികാരികളായ വിവിധ ജില്ലകളിലെ ഡിഎഫ്ഒമാരോടു മാനുവൽ ട്രാൻസ്ഫർ നടപ്പാക്കാൻ ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയത്. സ്ഥലംമാറ്റം ലഭിച്ച പല ഉദ്യോഗസ്ഥരും പ്രയാസമേറിയ വനം സ്റ്റേഷനുകളിൽ 6 വർഷത്തിലേറെയായി ജോലി നോക്കുന്നവരാണ്. പുതിയ സ്ഥലങ്ങളിലേക്കു പോകാനാകാതെ ഇവർ മാനസികസമ്മർദത്തിലാണ്. വനംമേധാവിക്കുൾപ്പെടെ പരാതി പോയതോടെ സ്ഥലംമാറ്റം ലഭിച്ചവരെ ഉടൻ വിടുതൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടു ജൂൺ 26ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർമാർക്കു മലയാറ്റൂർ ഡിഎഫ്ഒ കത്തയച്ചിരുന്നു. വനം വിജിലൻസ് മേധാവിക്കും പരാതി ലഭിച്ചിട്ടുണ്ട്.

English Summary: Complaint that BFO transfer has been sabotaged

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com