ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സിനിമാ അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ചട്ടവിരുദ്ധമായി ഇടപെട്ടെന്ന പരാതികൾ പൂർണമായും തള്ളിയും അദ്ദേഹത്തെ പിന്തുണച്ചും സാംസ്കാരിക മന്ത്രി സജി ചെറിയാൻ വീണ്ടും രംഗത്ത്. അവാർഡ് നിർണയത്തിൽ രഞ്ജിത്തിന്റെ ഒരു സ്വാധീനവും ജൂറിയുടെ മേൽ ഉണ്ടായിട്ടില്ലെന്നു തനിക്ക് ഉത്തരവാദിത്ത ബോധത്തോടെ പറയാൻ കഴിയുമെന്നു മന്ത്രി പറഞ്ഞു.

രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി സാംസ്കാരിക വകുപ്പിനോടു നിർദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം വിനയനെയും അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ രഞ്ജിത്തിനെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്നാണു മന്ത്രി സജി ചെറിയാന്റെ നിലപാട്. ‘‘വിനയൻ പരാതി എനിക്ക് തന്നു. മുഖ്യമന്ത്രിക്കു ലഭിച്ചെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു.

മുഖ്യമന്ത്രി ഡൽഹിയിലാണ്. വന്നതിനുശേഷം അതു ചർച്ച ചെയ്യും. വിനയനും രഞ്ജിത്തും ഞങ്ങൾക്കു പ്രിയപ്പെട്ടവരാണ്. മലയാള സിനിമയ്ക്ക് അവർ നൽകിയ സംഭാവനകൾ വലിയ മതിപ്പോടെ കാണുന്നവരാണു ഞങ്ങൾ. കേരളത്തിൽ ഭംഗിയായി നിർവഹിക്കപ്പെട്ട അവാർഡ് നിർണയം ഇടിച്ചു താഴ്ത്താനാണ് ഈ വിവാദം. വിനയൻ അവാർഡ് കളങ്കപ്പെടുത്താൻ ശ്രമിച്ചെന്നു ഞാൻ പറയുന്നില്ല. മികച്ച ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. അവാർഡുകൾ കിട്ടിയവരെക്കുറിച്ച് ആരും പരാതി ഉന്നയിച്ചിട്ടില്ല. അവാർഡ് ലഭിച്ചിട്ടുള്ളവർ അർഹരാണെന്നു വിനയനും പറഞ്ഞതായാണു മനസ്സിലാക്കുന്നത്’’– കേരള ചലച്ചിത്ര അക്കാദമിയുടെ ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.രഞ്ജിത്തും ഉദ്ഘാടന വേദിയിൽ പ്രസംഗിച്ചെങ്കിലും വിവാദം സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ല. 

English Summary : Saji Cherian again in support Ranjith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com