തിരുവനന്തപുരം ∙ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദ ശബ്ദരേഖ പുറത്തായി. അന്വേഷണമാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിക്കൊപ്പം ഇത് ഉൾപ്പെടുത്തിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് പുരസ്കാര നിർണയത്തിൽ ഇടപെട്ടുവെന്നും കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ ഇങ്ങനെ സംഭവിച്ചതിൽ‍ ആത്മനിന്ദ തോന്നിയെന്നുമുള്ള ജൂറി അംഗം നേമം പുഷ്പരാജിന്റെ വാക്കുകൾ ശബ്ദരേഖയിലുണ്ട്. വിനയന്റെ പരാതിയിൽ അന്വേഷണം വേണോ എന്നു മുഖ്യമന്ത്രിയാകും തീരുമാനിക്കുക. പുരസ്കാര നിർണയത്തിൽ രഞ്ജിത് ഇടപെട്ടുവെന്ന് മറ്റൊരു ജൂറി അംഗം ജെൻസി ഗ്രിഗറിയും തുറന്നടിച്ചിരുന്നു.

വിനയൻ സംവിധാനം ചെയ്ത ‘പത്തൊൻപതാം നൂറ്റാണ്ട്’ ചവറുപടമാണെന്നു ജൂറി അംഗങ്ങളോടു രഞ്ജിത് പറഞ്ഞുവെന്നും ഈ സിനിമയ്ക്കു പുരസ്കാരങ്ങൾ ഒഴിവാക്കാൻ രഞ്ജിത് ശ്രമം നടത്തിയെന്നുമാണ് ആക്ഷേപം. 

അതേസമയം, വിവാദം അവസാനിച്ചുവെന്നാണു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. ‘രഞ്‍ജിത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് ഇടതുഭരണമാണ്. ഞാനാണു സാംസ്കാരികമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇങ്ങനെയൊരു സംവിധാനത്തിൽ ആർക്കും സ്വന്തം താൽപര്യത്തിനനുസരിച്ച് ഇടപെടാൻ പറ്റില്ല. അതിനുകഴിഞ്ഞാൽ ഞാൻ ഈ കസേരയിൽ ഇരിക്കുന്നതിൽ കാര്യമില്ല’ – മന്ത്രി പറഞ്ഞു.

വിനയനോട് നേമം പുഷ്പരാജ് ‘ജൂറി ബ്രേക്കിനിടെ രഞ്ജിത്തിന്റെ ചർച്ച’

കൊച്ചി ∙ ചലച്ചിത്ര അവാർഡ് ജൂറി അംഗങ്ങൾ ബ്രേക്കിന് ഇറങ്ങുമ്പോൾ രഞ്ജിത് ചർച്ചയ്ക്കു വരാറുണ്ടായിരുന്നുവെന്ന് സംവിധായകൻ വിനയനോട് നേമം പുഷ്പരാജ് വെളിപ്പെടുത്തുന്നത് ശബ്ദരേഖയിലുണ്ട്. സംഗീതസംവിധായകൻ, ഗായിക എന്നിവർക്കു കൊടുത്ത അവാർഡ് തിരുത്തണമെന്ന നിർദേശം അക്കാദമി ചെയർമാന്റെ ഭാഗത്തു നിന്നുണ്ടായപ്പോൾ ജൂറി ചെയർമാൻ ഗൗതം ഘോഷ് വീണ്ടും  അംഗങ്ങളുടെ യോഗം വിളിച്ചു. മികച്ച സംഗീതസംവിധായകനായി എം.ജയചന്ദ്രനെയും ഗായികയായി മൃദുല വാരിയരെയും തിരഞ്ഞെടുക്കാമെന്ന നിലപാടാണു ജെൻസി ഗ്രിഗറി സ്വീകരിച്ചത്. ഇതിൽ രഞ്ജിത്തിന് അനിഷ്ടമുണ്ടായിരുന്നുവെന്നാണു പുഷ്പരാജിന്റെ സംഭാഷണം നൽകുന്ന സൂചന. എല്ലാം തീരുമാനിച്ചു പിരിഞ്ഞശേഷം വീണ്ടും യോഗം വിളിച്ച് സംഗീത അവാർഡ് മാറ്റാൻ തീരുമാനിച്ചപ്പോൾ ജെൻസിയുടെ കണ്ണുകൾ നിറഞ്ഞെന്നും തുടർന്ന് ഗൗതം ഘോഷ് അവാർഡിൽ മാറ്റമില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നുവെന്നും പുഷ്പരാജ് പറയുന്നു.

‘പത്തൊൻപതാം നൂറ്റാണ്ട്’ പോലുള്ള ചവറുസിനിമകൾ ഫൈനൽ റൗണ്ടിലേക്കു സിലക്ട് ചെയ്ത് ജൂറിയെ ബുദ്ധിമുട്ടിക്കരുതെന്നാണ് രഞ്ജിത് എന്നോടു പറഞ്ഞത്. ആ സിനിമയുടെ കോസ്റ്റ്യൂമും ആർട്ടും മികച്ചതാണെന്നു പറഞ്ഞപ്പോൾ സെറ്റിടലല്ല ആർട്ട് ഡയറക്‌ഷൻ എന്നാണു രഞ്ജിത് പറ‍ഞ്ഞത്’ – പുഷ്പരാജ് പറയുന്നു.

English Summary: Kerala Film award controversy; voice clip leaked