കണ്ണൂർ ∙ ‘ശ്രുതിതരംഗം’ പദ്ധതി വഴി കോക്ലിയർ ഇംപ്ലാന്റ് ചെയ്യുന്ന കുട്ടികളുടെ സ്പീച്ച് തെറപ്പി പ്രതിസന്ധിയിൽ. മാസങ്ങളായി ശമ്പളം കിട്ടാതായതോടെ സ്പീച്ച് തെറപ്പിസ്റ്റുകൾ രാജിവച്ചതാണു പ്രശ്നം. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളജുകളിലാണു സർക്കാർ സ്പീച്ച് തെറപ്പി കേന്ദ്രങ്ങളുള്ളത്. സ്പീച്ച് തെറപ്പിസ്റ്റുകൾക്ക് 22,290 രൂപയാണു ശമ്പളം. ഇതു നൽകിയിട്ട് 7 മാസമായി.

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞവർഷം വരെ 10 സ്പീച്ച് തെറപ്പിസ്റ്റുകളുണ്ടായിരുന്നു. മാർച്ചിൽ 3 പേരും മേയിൽ 2 പേരും രാജിവച്ചു. ബാക്കിയുള്ള 5 പേരിൽ 2 പേർ രാജിക്കത്തുനൽകി. കോട്ടയത്ത് ഒരാൾ മാത്രം. തിരുവനന്തപുരത്ത് ആരുമില്ല!

കോഴിക്കോട് മെഡിക്കൽ കോളജിൽ മാത്രം 60 കുട്ടികളാണു നിലവിൽ സ്പീച്ച് തെറപ്പി ചെയ്യുന്നത്. തെറപ്പി മുടങ്ങിയാൽ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൊണ്ടു ഫലമില്ലാതാകും. മാസങ്ങളോളം തെറപ്പി ആവശ്യമായതിനാൽ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

English Summary: Salary pending; Speech therapists resigns