ADVERTISEMENT

തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ചു മാരകമായി കുത്തേറ്റ ഡോ.വന്ദന ദാസിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വണ്ടിയിൽ നിന്നിറക്കി നടത്തിയാണു കൊണ്ടുപോയതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള ബില്ലിന്മേലുള്ള ചർച്ചയിലാണു തിരുവഞ്ചൂർ വിമർശനം ഉയർത്തിയത്. 

കൊട്ടാരക്കരയിൽ 16 സിസി ടിവി ഉണ്ടെന്നു പറയുന്നു. പക്ഷേ, പത്തും പ്രവർത്തിക്കുന്നില്ല. അതിൽ കിട്ടിയ ദൃശ്യങ്ങൾക്കാകട്ടെ വ്യക്തതയുമില്ല. കൊട്ടാരക്കരയിലെ ആശുപത്രിയിൽ നിന്നു വന്ദനയ്ക്ക്  ഒരു തരത്തിലുമുള്ള പ്രാഥമിക ശുശ്രൂഷയും ലഭിച്ചിട്ടില്ല. അതിന്റെ കാരണം ചോദിച്ചപ്പോൾ ആ സമയത്തു താൻ ഞെട്ടിപ്പോയെന്നാണ് ഫിസിഷ്യൻ പറഞ്ഞത്. പക്ഷേ, ഒരു മണിക്കൂറിനുള്ളിൽ അവർ മറ്റു രോഗികളെ പരിശോധിച്ചതായി രേഖയുണ്ട്. അക്കാര്യം സർക്കാർ അന്വേഷിക്കണം. ഗുരുതരമായി പരുക്കേറ്റ വന്ദനയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലേക്കു മാറ്റിയത്. വന്ദനയ്ക്കൊപ്പം കുത്തേറ്റ 4 പൊലീസുകാരെ ആംബുലൻസിൽ കൊണ്ടുപോയി.

വന്ദന പഠിച്ചത് ഉൾപ്പെടെ രണ്ടു മൂന്നു മെഡിക്കൽ കോളജുകളുടെ പടിക്കൽ കൂടിയാണു വന്ദനയെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. ഏറ്റവും അടുത്തുള്ള മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ദനയ്ക്കു ചികിത്സ ഉറപ്പാക്കാമായിരുന്നു. ഇതു വലിയ വീഴ്ചയാണ്. തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞപ്പോൾ ഈ കുട്ടിക്ക് ജീപ്പിൽ നിന്നിറങ്ങി ആശുപത്രിയിലേക്കു നടന്നു പോകേണ്ടിവന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട വന്ദനയ്ക്കു യഥാർഥ ചികിത്സ നൽകിയില്ല. 

എഫ്ഐആറിൽ ഉൾപ്പെടെ ഗുരുതരമായ വീഴ്ച ഉണ്ടായതുകൊണ്ടാണു വന്ദനയുടെ അച്ഛൻ കെ.ജി.മോഹൻദാസും അമ്മ ടി.വസന്തകുമാരിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതിനെ സർക്കാർ അങ്ങേയറ്റം എതിർത്തു. ഒരുപാടു വീഴ്ചകൾ പുറത്തുവന്നെങ്കിലും മികച്ച അന്വേഷണമാണു നടക്കുന്നതെന്നാണു സർക്കാർ വാദിച്ചത്. സംസ്ഥാന പൊലീസിനെതിരെ ആരോപണം ഉണ്ടെങ്കിൽ അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപിക്കാമെന്ന സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണു സർക്കാരിന്റെ എതിർപ്പെന്നും തിരുവഞ്ചൂർ പറഞ്ഞു.

English Summary : Thiruvanchoor Radhakrishnan with serious allegations on Death of Dr. Vandana das case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com