ADVERTISEMENT

ഭരണപക്ഷത്തെ നിയമസഭാകക്ഷി നേതാവിനു വേണ്ടി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസുമായി വരിക! വാദി തന്നെ ആ വക്കാലത്ത് തള്ളുക. ഒടുവിൽ സത്യപ്രസ്താവന വാദിയുടെതെന്നു മുഖ്യമന്ത്രി വിധി പ്രസ്താവിക്കുക. അസാധാരണ കാഴ്ചകളായിരുന്നു സഭയിൽ. കേസും അപൂർവമായിരുന്നു.

തന്നെ വധിക്കാൻ സ്വന്തം പാർട്ടിയുമായി ബന്ധപ്പെട്ടു ശ്രമം നടക്കുന്നെന്ന പരാതിയുമായി ഡിജിപിയെ കണ്ട എൻസിപി നിയമസഭാകക്ഷി നേതാവ് തോമസ് കെ.തോമസിനു വേണ്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. വെള്ളയമ്പലത്തെ പൊലീസ് ആസ്ഥാനത്തിനു മുന്നിൽ വെയിലും കൊണ്ടു തോമസ് നിൽക്കുന്നത് ടിവിയിൽ കണ്ടിട്ട് എം. വിൻസന്റിന് സഹിച്ചില്ല. പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടപ്പോൾത്തന്നെ ഡിജിപിയെ വിളിച്ചു വരുത്തി അതു കൈമാറേണ്ടതല്ലേ? 

രണ്ടു വർഷമായി ചിലർ തന്നെ കൊല്ലാക്കൊല ചെയ്യുന്നതായി ഒരു ഭരണകക്ഷി എംഎൽഎക്കു നിലവിളിക്കേണ്ടി വരുന്നെങ്കിൽ എന്തായിരിക്കും നാട്ടിലെ ക്രമസമാധാനത്തകർച്ച! വിൻസന്റിന്റെ ചോദ്യങ്ങൾ നീണ്ടുപോയി. നിയമസഭയിൽ മുഖ്യമന്ത്രിയെ പുകഴ്ത്താനും ദൈവവചനം പറയാനും മാത്രം വാ തുറക്കാറുള്ള എംഎൽഎ ഒരു പാവമാണ് എന്നതിലും അദ്ദേഹത്തിനു സംശയമില്ല.

പക്ഷേ തനിക്കായി ഈ വാദമുഖങ്ങളെല്ലാം നിരത്തിയ പ്രതിപക്ഷ എംഎൽഎയെ തോമസ് കെ.തോമസ് കയ്യോടെ തള്ളി. മുൻപ് തനിക്കെതിരെ കുത്തിപ്പൊക്കിയ രണ്ടു കേസുകളിലും സമയോചിതമായി ഇടപെട്ടു രക്ഷിച്ചത് കേരള പൊലീസാണെന്ന പ്രശസ്തിപത്രം തോമസ് അവിടെ വായിച്ചു. ദൈവവിശ്വാസിയും സത്യവിശ്വാസിയുമായ തോമസിന്റെ ആ സത്യപ്രസ്താവന പ്രതിപക്ഷവും വിശ്വസിച്ചേ തീരൂവെന്നായി മുഖ്യമന്ത്രി. 

എൻ.സി.പി നേതാവായിരുന്ന പ്രഫുൽ പട്ടേൽ വഴി തോമസിനു വാഗ്ദാനം ചെയ്തു കിട്ടിയ മന്ത്രിപദം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് വധശ്രമത്തിന് പിന്നിലെന്ന വിൻസന്റിന്റെ വാദത്തിനു മുഖ്യമന്ത്രി നൽകിയ മറുപടി പക്ഷേ തോമസിന് ഇടിവെട്ടായി.‘‘പ്രഫുൽ പട്ടേൽ എന്നെ കണ്ടിരുന്നു. അത് ആ പാർട്ടിയുമായി ബന്ധപ്പെട്ട വേറൊരു കാര്യം പറയാനാണ്. അതു മന്ത്രി ശശീന്ദ്രനും അറിയുന്ന സംഗതിയാണ്. അല്ലാതെ അംഗം ഇവിടെ ഉന്നയിച്ചതുമായി ആ കൂടിക്കാഴ്ചയ്ക്കു ബന്ധമില്ല’’ രണ്ടരവർഷം കഴിയുമ്പോൾ മന്ത്രിയാകും എന്ന വരം പവാറും പിണറായിയും നൽകിയെന്ന പ്രതീക്ഷയിൽ കഴിയുന്ന തോമസിന്റെ മുഖം വാടി. 

ആരു കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമൊന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിശ്വസിച്ചില്ല. അദ്ദേഹത്തെ സംബന്ധിച്ച് ഇതു മുഖം നോക്കി മാത്രം നടപടി എടുക്കുന്ന സർക്കാരാണ്. തോമസ് കെ.തോമസിനോട് അനുഭാവം പ്രകടിപ്പിച്ചു പ്രതിപക്ഷം ഇറങ്ങിപ്പോയി. തോമസ് അവിടെ ഇരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ള സർക്കാർ വിഹിതം മൂന്നിരട്ടിയായി വർധിപ്പിക്കുന്ന ബിൽ ചർച്ചയിൽ ‘വിശ്വാസം’ വരാതെ തരമില്ല. പറയാനുള്ളതു സൂക്ഷിച്ചു പറഞ്ഞില്ലെങ്കിൽ സംഘപരിവാർ ആയുധമാക്കുമെന്ന എ.പി.അനിൽകുമാറിന്റെ ഉപദേശം കേൾക്കാൻ ഷംസീർ സഭയിൽ ഉണ്ടായില്ല. പ്രസ്താവന കൊണ്ടൊന്നും സർക്കാരിന്റെ വിശ്വാസ സംരക്ഷണ പ്രതിഛായക്കു കോട്ടം തട്ടിക്കാനാവില്ലന്നു മന്ത്രി കെ.രാജനു നല്ല ഉറപ്പുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം സഞ്ചാരികളെ കാണിക്കാനുള്ള പദ്ധതിയിൽ രാജകുടുംബത്തെ വിശ്വാസത്തിലെടുക്കാൻ പ്രതിപക്ഷ സഹകരണം കടകംപള്ളി അഭ്യർഥിച്ചപ്പോൾ അനിൽ കൊത്തിയെങ്കിലും പെട്ടെന്നു പിൻവാങ്ങി. വിശ്വാസത്തെ ടൂറിസമാക്കരുതെന്ന ആവശ്യവുമായി തിരുവഞ്ചൂരും വിഷ്ണുനാഥും ചാടി വീണപ്പോൾ വേറെ വഴിയില്ലായിരുന്നു.

ഇന്നത്തെ വാചകം

ഗാന്ധിയന്മാരായ യുഡിഎഫ് ഭരിച്ചിരുന്ന കാലത്തേക്കാളും പിണറായി സർക്കാരിന്റെ കാലത്ത് മദ്യഉപഭോഗം കുറയുകയാണ് ചെയ്തതെന്ന വസ്തുത വിമർശകർ മനസ്സിലാക്കണം – മന്ത്രി എം.ബി.രാജേഷ്.

Content Highlights: Kerala Assembly, Naduthalam, Thomas K Thomas, NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com