ADVERTISEMENT

തിരുവനന്തപുരം ∙ അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബഹുദൂരം മുന്നിലെത്താൻ യുഡ‍ിഎഫ് നടത്തിയ നീക്കം ഉമ്മൻ ചാണ്ടിയുടെ അതിവേഗം ബഹുദൂരമെന്ന മുദ്രാവാക്യം ഓർമിപ്പിച്ചു. വൈകാതിരിക്കാനുള്ള ജാഗ്രതാ നീക്കത്തിലാണ് എൽഡിഎഫ്. 

മുന്നണികൾക്കു മുന്നിൽ പുതുപ്പള്ളി തിരഞ്ഞെടുപ്പ് എത്തിയതും അതിവേഗമാണ്. ഒക്ടോബറിനു മുൻപായി തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന കണക്കുകൂട്ടൽ എൽഡിഎഫിനോ യുഡിഎഫിനോ ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെ പുറത്ത് വാശിയേറിയ ഒരു രാഷ്ട്രീയ ബലപരീക്ഷണത്തിന് അവർക്ക് സജ്ജരാകേണ്ടി വരുന്നു. ഓണം തിരഞ്ഞെടുപ്പ് ആരവങ്ങളിൽ മുങ്ങാൻ പോകുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നായിരുന്നു കോൺഗ്രസ് ഉന്നത നേതൃത്വത്തിലെ ധാരണ. സ്ഥാനാർഥിയെ ഈ ദിവസം തന്നെ നിശ്ചയിക്കണം, അതു ചാണ്ടി ഉമ്മൻ ആയിരിക്കണം എന്നീ കാര്യങ്ങളിൽ ആരും വിയോജിപ്പു പറയാത്തതോടെ അത് ആത്മവിശ്വാസമായി മാറി.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെത്തുടർന്നു നടക്കുന്ന തിരഞ്ഞെടുപ്പിൽ ആരു സ്ഥാനാർഥിയാകണം എന്ന കാര്യത്തിൽ യുഡിഎഫ് കക്ഷി നേതാക്കൾക്കോ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി അംഗങ്ങൾക്കോ ഒരു സന്ദേഹവും ഉണ്ടായില്ല. രാത്രി ചാനൽ ചർച്ചയ്ക്കു മുൻപ് പ്രഖ്യാപനം വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശമാണ് ഹൈക്കമാൻഡിന്റെ അനുമതിയോടെ വേഗം നടപ്പായത്. ചാണ്ടിയെ അതിവേഗം പ്രഖ്യാപിച്ചില്ലെങ്കിൽ ചർച്ചകൾ അനാവശ്യമായി അതിന്റെ ചുറ്റും കറങ്ങുമെന്ന വാദഗതിയാണ് കണക്കിലെടുത്തത്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ തിര തല്ലുന്ന പുതുപ്പള്ളി ചാണ്ടിയെ വൻ ഭൂരിപക്ഷം നൽകി വിജയിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്.

പ്രാഥമിക തയാറെടുപ്പുകൾ ആരംഭിച്ചെങ്കിലും പെട്ടെന്നു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിന്റെ അങ്കലാപ്പ് സിപിഎമ്മിനുമുണ്ട്. ഉമ്മൻ ചാണ്ടിയുടെ വേർപാട് ഉണ്ടാക്കിയ വൈകാരികാന്തരീക്ഷം പുതുപ്പള്ളിയിൽ നിലനിൽക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിക്കെതിരെ മത്സരം വേണ്ടിവരുന്നു. സംഘടനാ സംവിധാനവും എൽഡിഎഫിന് പുതുപ്പള്ളിയിലുള്ള അടിത്തറയും തിരഞ്ഞെടുപ്പ് മാനേജ്മെന്റിലെ വൈദഗ്ധ്യവുമാണ് അവർക്കു പ്രതീക്ഷ പകരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി വി.എൻ.വാസവൻ, കെ.െക.ജയചന്ദ്രൻ, പി.െക.ബിജു എന്നിവരെയാണ് പുതുപ്പള്ളി ദൗത്യം ഏൽപിച്ചിരിക്കുന്നത്. മുഖ്യചുമതലക്കാരനെ 11 മുതൽ 14 വരെ നടക്കുന്ന സംസ്ഥാന നേതൃയോഗം നിശ്ചയിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനുമാണ് കോൺഗ്രസിന്റെ മുഖ്യതിരഞ്ഞെടുപ്പ് ചുമതല. 

നീണ്ട 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച് പുതുപ്പള്ളിക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഉമ്മൻചാണ്ടിയുടെ ഓർമകൾ കരുത്താക്കിയാകും യുഡിഎഫ് പ്രയാണം. പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിൽ തിങ്കളാഴ്ച പുതുപ്പളളിയിൽ ചേർന്ന യോഗം തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വിശദമായി ചർച്ച ചെയ്തു. 182 ബൂത്തുകളുടെയും ചുമതലക്കാരായി പ്രധാന നേതാക്കൾ വരും. 8 പഞ്ചായത്തുകളുടെയും ചുമതല ഇരുമുന്നണികളുടെയും പ്രമുഖരായ നേതാക്കൾ ഏറ്റെടുത്തു കൊണ്ടുള്ള പോരാട്ടമായിരിക്കും പുതുപ്പള്ളിയിൽ നടക്കുക.

പാർട്ടിക്കു കാര്യമായ വേരോട്ടം ഇല്ലാത്ത മണ്ഡലം സംബന്ധിച്ചു ബിജെപിക്കു വലിയ പ്രതീക്ഷ ഇല്ല. എങ്കിലും മുന്നണികൾക്കൊപ്പം നിൽക്കുന്ന പ്രചാരണ രീതി കൊണ്ടു മത്സര പ്രതീതി സൃഷ്ടിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. 2016 ൽ ജോർജ് കുര്യൻ നേടിയ 15,993 വോട്ടാണ് ബിജെപി നേടിയ ഏറ്റവും വലിയ വിഹിതം.

മുൻമുഖ്യമന്ത്രിയുടെ നിര്യാണം മൂലം ഉപതിരഞ്ഞെടുപ്പ് രണ്ടാംതവണ

കോട്ടയം ∙ മുൻ മുഖ്യമന്ത്രിമാർ എംഎൽഎമാരായിരിക്കെ മരിച്ചതുമൂലം നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് ഇതു രണ്ടാം തവണ. 1984 ൽ സി.എച്ച്.മുഹമ്മദ് കോയയുടെ നിര്യാണത്തെ തുടർന്നു മഞ്ചേരി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പാണ് ആദ്യത്തേത്. എം.പി.എം.ഇസ്ഹാക്ക് കുരിക്കൾ (മുസ്‍ലിംലീഗ്) ജയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഇപ്പോൾ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ്. മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലേക്ക് 2005 ൽ ഉപതിരഞ്ഞെടുപ്പ് നടന്നു. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ വിജയിച്ചു.

English Summary: UDF and LDF preparations for Puthuppally Byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com