ADVERTISEMENT

തിരുവനന്തപുരം ∙ ഭരണകക്ഷിയായ എൻസിപിയിലെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ കൊല്ലാൻ പാ‍ർട്ടിയിലെ തന്നെ ചിലർ ശ്രമിച്ചെന്ന കേസിൽ സർക്കാരിനെതിരെ മെല്ലെപ്പോക്ക് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. എന്നാൽ, സർക്കാരിനെതിരെ തനിക്കു പരാതിയില്ലെന്നും കേസ് ഫലപ്രദമായാണു പൊലീസ് അന്വേഷിക്കുന്നതെന്നും എംഎൽഎ വ്യക്തമാക്കിയതോടെ പ്രതിപക്ഷനീക്കം പാളി. മനോരമ ഓൺലൈനിലെ ‘ക്രോസ്ഫയർ ’ അഭിമുഖത്തിലാണ് തനിക്കെതിരെ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ നീക്കങ്ങളും കൊലപാതക ശ്രമവും തോമസ് വെളിപ്പെടുത്തിയത്. ഇൗ വിഷയമാണ് കോൺഗ്രസിലെ എം.വിൻസന്റ് അടിയന്തരപ്രമേയ നോട്ടിസിലൂടെ സഭയിലെത്തിച്ചത്.

വണ്ടി പാടത്തേക്കു തള്ളിയിട്ട് ഡ്രൈവർ മുക്കിക്കൊല്ലാൻ ശ്രമിച്ചെന്ന് തോമസ് കെ.തോമസ് പരാതി നൽകിയിട്ടും പൊലീസ് കാര്യമായി അന്വേഷിക്കുന്നില്ലെന്ന് വിൻസന്റ് കുറ്റപ്പെടുത്തി. തന്റെ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെങ്കിലും മുഖ്യമന്ത്രിയെ കുറ്റംപറയാനില്ലെന്നു തോമസ് കെ.തോമസ് വ്യക്തമാക്കി.

തോമസിന്റെ പരാതിയിൽ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രഫുൽ പട്ടേൽ തന്നെ കണ്ടത് മന്ത്രിസ്ഥാനം വീതംവയ്ക്കുന്നതിനെക്കുറിച്ചു പറയാനല്ലെന്നും അവരുടെ പാർട്ടിയുമായി ബന്ധപ്പെട്ട വേറൊരു കാര്യത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആർക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് ജില്ലയിൽ എംഎൽഎ ആയിരുന്ന ജോർജ് എം.തോമസ് പോക്‌സോ കേസിലെ പ്രതിയെ മാറ്റാൻ പണം വാങ്ങി പൊലീസിനെ സ്വാധീനിച്ചെന്ന ആരോപണം വന്നപ്പോൾ എവിടെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

തുടരന്വേഷണം നെടുമുടി പൊലീസിന്

കുട്ടനാട് ∙ തോമസ് കെ.തോമസ് എംഎൽഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ തുടരന്വേഷണം നെടുമുടി പൊലീസിനു കൈമാറി. ഡിജിപിയുടെ നിർദേശാനുസരണമാണിത്. പാർട്ടിയിലെ ഒരാൾ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയാണ് എംഎൽഎ നൽകിയിരുന്നത്.  കോടതിയുടെ ഉത്തരവു വാങ്ങി കേസ് എടുത്തതായും വരും ദിവസങ്ങളിൽ അന്വേഷണം തുടങ്ങുമെന്നും നെടുമുടി സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.

English Summary : Assassination attempt case against Kuttanad MLA, emergency motion failed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com