ADVERTISEMENT

തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ നിന്നു പാഠം ഉൾക്കൊണ്ട് ‘പൊലീസ് കൺവെട്ടത്ത്’ എന്ന രീതിയിൽ പട്രോളിങ്ങിൽ പുനഃക്രമീകരണം. ഡോ. വന്ദനയെ രക്ഷിക്കാനെത്തിയ പട്രോളിങ് സംഘത്തിലെ പൊലീസുകാർക്കും കുത്തേറ്റിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, നൈറ്റ് പട്രോളിങ് ജീപ്പിൽ ഓഫിസർ ഉൾപ്പെടെ 4 പേരെങ്കിലും വേണമെന്നും അതിൽ ചെറുപ്പക്കാരായ പൊലീസുകാരെ കൂടുതൽ ഉൾപ്പെടുത്തണമെന്നുമാണു നിർദേശം. പകൽ പട്രോളിങ്ങിന് 3 പേർ മതി. പിസ്റ്റളും റൈഫിളുകളും ആവശ്യമെങ്കിൽ കരുതണം.

ജനങ്ങൾ കൂടുതലെത്താൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും പട്രോളിങ്ങിന് എത്തണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവികൾ ഇൗ ഡ്യൂട്ടി രീതി ഫീൽഡ് പരിശോധന നടത്തി ഡിജിപിക്ക് റിപ്പോർട്ട് ചെയ്യണം. രാത്രി 10 മുതൽ രാവിലെ 6 വരെ നൈറ്റ് പട്രോൾ സംഘം ഫീൽഡിൽ ഉണ്ടാകണം. 

മിക്കപ്പോഴും നൈറ്റ് പട്രോളിങിന് പോകേണ്ടിവരുന്നതു പ്രായമേറിയവരും ആരോഗ്യ പ്രശ്നങ്ങളുള്ളവരുമാണ്. ഡ്രൈവറും ഒരാളും മാത്രമേ മിക്കപ്പോഴും സംഘത്തിൽ ഉണ്ടാകൂ. ഇവർക്ക് അക്രമികളെ കീഴ്പ്പെടുത്താനാകുന്നില്ല. പ്രതി രക്ഷപ്പെടുന്ന സംഭവങ്ങളും പതിവായുണ്ടാകുന്നുണ്ട്. 

പകൽ ഡ്യൂട്ടി ചെയ്യുന്നവരെ തന്നെ നൈറ്റ് ഡ്യൂട്ടിയ്ക്കും നിയോഗിക്കുന്ന രീതിയും അവസാനിപ്പിക്കും. സ്റ്റേഷനിലെ എല്ലാവരും നൈറ്റ് ഡ്യൂട്ടിക്ക് തയാറാകണം. മതിയായ പൊലീസുകാരില്ലാത്ത സ്റ്റേഷൻ പരിധിയിൽ തൊട്ടടുത്ത സ്റ്റേഷനുകളിലെ പട്രോളിങ് സംഘമെത്തണം. രാത്രി പരിശോധനാ വിവരം ശേഖരിച്ച് രാവിലെ എട്ടിനു മുൻപ് ജില്ലാ പൊലീസ് മേധാവിക്കു നൽകണം.

നഗര സ്റ്റേഷനുകളിൽ ബൈക്ക് പട്രോളിങ് സാന്നിധ്യം എപ്പോഴുമുണ്ടാകണം. 4–6 മണിക്കൂർ വരെ ഒരു ടീം ബൈക്കിൽ കറങ്ങണം. ബൈക്ക് പട്രോൾ സംഘത്തിനും എസ്എച്ച്ഒയുടെ നിർദേശ പ്രകാരം പിസ്റ്റൾ കരുതാം. തിരക്കേറിയ സ്ഥലങ്ങളിലൊക്കെ പൊലീസുകാർ കാൽനടയായി ഡ്യൂട്ടിക്കുണ്ടാകണം. പിങ്ക് പട്രോളിങ് സംഘത്തിൽ 3 പേർ വേണം. രാവിലെ 8 മുതൽ രാത്രി 8 വരെ പിങ്ക് പട്രോളിങ് സംഘം റോഡിൽ ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. 

English Summary: Kerala Police night patrolling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com