ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23ന് ആരംഭിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. മനോരമ പത്രാധിപസമിതി അംഗങ്ങളുമായുള്ള പ്രതിവാരസംവാദമായ ‘വാർത്തമാനം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 23 മുതൽ 26 വരെയാണു വിതരണം. 5.87 ലക്ഷം വരുന്ന മഞ്ഞക്കാർഡ് ഉടമകൾക്കു റേഷൻ കടകൾ വഴിയാണു കിറ്റ് നൽകുക. ക്ഷേമ സ്ഥാപനങ്ങളിലെ ഇരുപതിനായിരത്തോളം വരുന്ന അംഗങ്ങൾക്ക് കിറ്റ് എത്തിച്ചുനൽകാൻ താലൂക്ക് സപ്ലൈ ഓഫിസർമാരെ ചുമതലപ്പെടുത്തും. 

കിറ്റുകളുടെ എണ്ണം കുറവായതുകൊണ്ടും സാധനങ്ങളിൽ ഭൂരിഭാഗവും സപ്ലൈകോയുടെ പക്കൽ ഉള്ളതിനാലും വിതരണത്തിനു താമസമുണ്ടാകില്ല. പായസക്കൂട്ടും നെയ്യും ‘മിൽമ’യിൽനിന്നും കശുവണ്ടിപ്പരിപ്പ് കശുവണ്ടി വികസന കോർപറേഷനിൽനിന്നും ലഭിക്കും. ബാക്കി ഉൽപന്നങ്ങളിൽ ഭൂരിഭാഗവും സപ്ലൈകോയുടെ ‘ശബരി’ ഉൽപന്നങ്ങളാണ്. ഓണത്തിന് ആവശ്യമായ ലോഡ് വന്നിട്ടുള്ളതിനാൽ ചെറുപയർ പരിപ്പ്, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് പോലുള്ള മറ്റ് ഉൽപന്നങ്ങൾ സമാഹരിക്കാനും പ്രയാസമില്ല. 

റേഷൻകടകളിൽ കാർഷിക ഉൽപന്നങ്ങളും ഗ്രാമീണമേഖലകളിലെ റേഷൻകടകളിൽ പ്രദേശത്തെ കാർഷിക ഉൽപന്നങ്ങളും വിൽക്കാൻ അവസരമൊരുക്കും. കുടുംബശ്രീയുടെ ഉൽപന്നങ്ങളും വിൽക്കും. 

നെല്ലു സംഭരിച്ചതിന്റെ വില ഇനി 12,000 കർഷകർക്കാണു കൊടുത്തുതീർക്കാനുള്ളതെന്നും ഇത് ഓണത്തിനുമുൻപ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ 180 കോടി രൂപ ഇതിനായി അനുവദിച്ചതിൽനിന്ന് 50,000 രൂപ വരെ കുടിശികയുള്ളവർക്കാണ് ഇപ്പോൾ നൽകിവരുന്നത്. ബാക്കി കൊടുത്തുതീർക്കാൻ 230 കോടി രൂപ ആവശ്യമാണെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

English Summary : Onam kit distribution starts on August 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com