സോളർ: വേണുഗോപാലിനെ കുറ്റവിമുക്തനാക്കി
Mail This Article
തിരുവനന്തപുരം ∙ സോളർ തട്ടിപ്പ് കേസ് പ്രതിയെ പീഡിപ്പിച്ചെന്ന കേസിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനു കോടതിയുടെ ക്ലീൻ ചിറ്റ്. വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐയുടെ റിപ്പോർട്ട് കോടതി അംഗീകരിച്ചു. സിബിഐയുടെ കണ്ടെത്തലിനെതിരെ പരാതിക്കാരി നൽകിയ ഹർജി തള്ളുകയും ചെയ്തു.
മൂന്നു സ്ഥലങ്ങളിൽ വച്ചു മൂന്നു തവണയായി കെ.സി.വേണുഗോപാൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണു കഴിഞ്ഞ ഡിസംബറിൽ സിബിഐ കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകിയത്. അധികാര പരിധിയുള്ള തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകാൻ സിബിഐ കോടതി നിർദേശിച്ചതിനെത്തുടർന്നു റിപ്പോർട്ട് ഇവിടേക്കു കൈമാറിയിരുന്നു. ഇന്നലെ ഈ റിപ്പോർട്ട് പരിഗണിച്ച തിരുവനന്തപുരം സിജെഎം കോടതിയാണു റിപ്പോർട്ട് അംഗീകരിച്ചത്.
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച്, ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണു കേസ് സിബിഐയെ ഏൽപിച്ചിരുന്നത്. ഇതേ ആരോപണത്തിൽ അടൂർ പ്രകാശിനെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
English Summary: KC Venugopal acquitted in solar fraud case accused rape case