ADVERTISEMENT

പെരുമ്പാവൂർ ∙ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു തിരക്കിട്ടുപോകുന്നവർക്ക് കാലടിയിലെ വല്ലാത്ത കുരുക്ക് ഇന്നു മുതൽ ഇല്ലാതാവും. ഇന്നു രാവിലെ 9.30ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, വല്ലം–പാറക്കടവ് പാലം ഉദ്ഘാടനം ചെയ്യുന്നതോടെയാണിത്. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രാദൂരവും സമയവും ഇന്ധനച്ചെലവും കുറയ്ക്കുന്നതാണു പുതിയ പാലം.

∙ കാലടിക്കുരുക്ക്

തെക്കൻ ജില്ലകളിൽ നിന്നു വരുന്നവർ പെരുമ്പാവൂരിൽ നിന്ന് എംസി റോഡിലൂടെ സഞ്ചരിച്ച‌ു പെരിയാറിനു കുറുകെയുള്ള കാലടി പാലവും കാലടി ടൗണും കടന്ന് മറ്റൂ‍ർ കവലയിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാണ് നിലവിൽ വിമാനത്താവളത്തിലേക്കുള്ള യാത്ര. കാലടി പാലത്തിലെയും കാലടി ടൗണിലെയും ഗതാഗതക്കുരുക്ക് കടന്നുകിട്ടാൻ ചിലപ്പോൾ ഒരു മണിക്കൂർ വരെയെടുക്കും. മുൻപൊക്കെ ശബരിമല സീസണിൽ മാത്രമായിരുന്നു തിരക്കെങ്കിൽ ഇപ്പോൾ മിക്ക ദിവസവും ഗതാഗതക്കുരുക്കാണ്. സമയത്തിനു വിമാനത്താവളത്തിൽ എത്താൻ പാടുപെടുന്ന ഒട്ടേറെ യാത്രക്കാരെ ഇവിടെ കാണാം. അവർക്കാണു പുതിയ പാലം ആശ്വാസമാവുന്നത്.

∙ ഇപ്പോൾ 14.5 കി.മീ.

പുതിയ പാലം വരുമ്പോൾ കാലടി പാലവും കാലടി ടൗണും മറ്റൂരും പോകാതെ നേരിട്ട് വിമാനത്താവളത്തിലെത്താം. നിലവിലെ റൂട്ടിൽ പെരുമ്പാവൂരിൽ നിന്നു വിമാനത്താവളം വരെ 14.5 കിലോമീറ്ററാണു ദൂരം.

∙ ഇനി 11 കി.മീ.

വല്ലം– പാറക്കടവ് പാലത്തിലേക്കു പെരുമ്പാവൂർ–കാലടി എംസി റോഡിലെ വല്ലം കവലയിൽ നിന്ന് ഇടത്തോട്ടു തിരിയണം. വല്ലം കടവിൽ നിന്നു പാലം അവസാനിക്കുന്നത് പാറപ്പുറം കിഴക്കുംഭാഗത്ത്. തുടർന്ന് കാഞ്ഞൂർ ജംക്‌ഷൻ വഴി ചെങ്ങൽ പാലത്തിലൂടെ വിമാനത്താവളത്തിലേക്കു പോകാം. പുതിയ റൂട്ടിൽ പെരുമ്പാവൂരിൽ നിന്നു വിമാനത്താവളത്തിലെത്താൻ 11 കിലോമീറ്റർ.

3.5 കിലോമീറ്റർ ദൂരം കുറവ് എന്നതിനേക്കാൾ സമയലാഭമാണു മുഖ്യം. വല്ലം പാലം തുറക്കുന്നതോടെ കാലടിപാലത്തിലെ തിരക്കു കുറയുകയും ചെയ്യും. കാലടി ശ്രീശങ്കര പാലത്തിനും എംസി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പുതിയ പാലം പ്രവർത്തിക്കും.

English Summary: Vallam-Parakkadavu bridge will be opened today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com