ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മുകാർ പേട്ട സ്റ്റേഷനിലേക്കു തള്ളിക്കയറിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതു വിവാദമായതോടെ പ്രശ്നത്തിൽ നിന്നു തലയൂരാൻ സർക്കാരിന്റെ ശ്രമം. ജില്ലാ സെക്രട്ടറി വി.ജോയി എംഎൽഎ ഉൾപ്പെടെ പ്രതിഷേധിച്ച സംഭവത്തിൽ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണു മലക്കംമറിച്ചിൽ. ഇതിന്റെ ഭാഗമായി, ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാദവുമായി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു രംഗത്തെത്തി. സ്ഥലംമാറ്റിയെന്ന പ്രചാരണം ശരിയല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ഉദ്യോഗസ്ഥർ പേട്ട സ്റ്റേഷനിൽ ഡ്യൂട്ടിയിൽ തുടരുന്നതു ശരിയല്ല. അതിനാൽ 2 ദിവസത്തേക്കു മാറ്റി നിർത്തിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കമ്മിഷണറുടെ വാദവും ഉദ്യോഗസ്ഥർക്കു ലഭിച്ച ഉത്തരവുകളും തമ്മിൽ പൊരുത്തമില്ലെന്ന് പൊലീസുകാർ തന്നെ പറയുന്നു. പേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ് എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണു കമ്മിഷണർ മാറ്റിയത്. 23ന് ഇറക്കിയ ഉത്തരവ് ഇന്നലെ ഇരുവർക്കും ലഭിച്ചു. ഡ്രൈവർ എം.മിഥുനെ എആർ ക്യാംപിലേക്കു മാറ്റി. ഈ സ്ഥലംമാറ്റങ്ങൾ നടന്നിട്ടില്ലെന്നാണ് കമ്മിഷണറുടെ നിലപാട്.

ചൊവ്വ വൈകിട്ട് 4.30ന് ഒരുവാതിൽക്കോട്ട റോഡിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ച ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് ട്രഷറർ വി.നിഥിനെ എസ്ഐമാർ തടഞ്ഞു പിഴ ആവശ്യപ്പെട്ടപ്പോൾ ഉണ്ടായ വാക്കേറ്റമാണു സംഭവങ്ങളുടെ തുടക്കം. എസ്ഐ തന്നെ തെറിവിളിക്കുകയും മർദിക്കുകയും ചെയ്തെന്ന് ആരോപിച്ച് ചൊവ്വാഴ്ച 6 മണിയോടെ നിഥിൻ സിപിഎം നേതാക്കളെയും കൂട്ടി സ്റ്റേഷനിലെത്തി. എസ്ഐമാർ വന്ന ജീപ്പ് സ്റ്റേഷനു മുന്നിൽ ഇവർ തടഞ്ഞു. പ്രതിഷേധക്കാരും പൊലീസുകാരും തമ്മിൽ തെറിവിളിയും കയ്യാങ്കളിയുമായി. ഇതോടെ പൊലീസുകാർ ലാത്തിവീശി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. തുടർന്നാണു ജോയി സ്ഥലത്തെത്തിയത്. പ്രവർത്തകരോടു ശാന്തരാകാൻ നിർദേശിച്ചശേഷം ഇദ്ദേഹം പൊലീസുകാർക്കെതിരെ തിരിഞ്ഞു. ഇതെക്കുറിച്ച് നർകോട്ടിക് അസി. കമ്മിഷണർ ഇ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുന്നു.

മർദിച്ചെന്ന് നിഥിൻ; ദൃശ്യങ്ങളിൽ ഇല്ലെന്ന് പൊലീസ്

പേട്ട പൊലീസ് സ്‌റ്റേഷനിൽ വച്ച് ഇരുമ്പുവടി ഉപയോഗിച്ചു തന്നെ മർദിച്ചെന്നാണു നിഥിന്റെ പരാതി. സിസിടിവി പരിശോധന ആരംഭിച്ചെന്നും മർദനം നടന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. സംഘടിച്ച് എത്തിയവർ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുന്നതും അവരെ നീക്കംചെയ്യാൻ പൊലീസുകാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ പ്രവർത്തകരെ റോഡിന്റെ മീഡിയന് അപ്പുറത്തേക്കു പൊലീസ് മാറ്റുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം ലഭിക്കണമെന്നാണു ബാലകൃഷ്ണനോട് കമ്മിഷണർ നിർദേശിച്ചിരിക്കുന്നത്. സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്നു മാറ്റിയ എസ്ഐമാരായ അഭിലാഷ്, അസീം എന്നിവരുടെ മൊഴി ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു. സിപിഎമ്മിനു കേടില്ലാത്ത വിധം റിപ്പോർട്ട് തയാറാക്കണമെന്ന് പൊലീസിനുള്ളിലെ ചില ഉന്നതർ സമ്മർദം ചെലുത്തുന്നുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

English Summary: Controversy over CPM violence at police station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com