തിരുവനന്തപുരം∙ കേരളത്തിന്റെ സമുദ്ര മേഖലയിൽനിന്ന് 58 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിന് 5 വർഷത്തേക്കു കൂടി നിരോധനം. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞർ അടങ്ങിയ വിദഗ്ധസമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു ഫിഷറീസ് ഡയറക്ടറാണു ശുപാർശ നൽകിയത്. ഈ ശുപാർശ അംഗീകരിച്ച് 2028 ഓഗസ്റ്റ് 31 വരെ നിരോധനം പ്രാബല്യത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി. 

സമുദ്രമത്സ്യ ഉൽപാദനം 4 ലക്ഷം ടണ്ണായി കുറഞ്ഞ സാഹചര്യത്തിലായിരുന്നു കേരള മറൈൻ ഫിഷിങ് റഗുലേഷൻ നിയമം ഭേദഗതി ചെയ്ത് 2017ൽ ആദ്യമായി കേരളം നിരോധനം കൊണ്ടുവന്നത്. നിരോധനത്തിന്റെ പ്രയോജനം പഠിക്കാൻ സമിതിയെ വച്ചിരുന്നു. രണ്ടാഴ്ച മുൻപു സമിതി സമർപ്പിച്ച റിപ്പോർട്ടിൽ 5 വർഷത്തേക്കല്ല, നിരോധനം അനന്തമായി നീട്ടണമെന്നായിരുന്നു ശുപാർശ. നിരോധനം ഏർപ്പെടുത്തിയ ഏതെങ്കിലും ഇനത്തിലോ, മത്സ്യത്തിന്റെ അളവിലോ ഒരിളവും നൽകേണ്ടതില്ലെന്നും ശുപാർശ ചെയ്തു. ഇതേ തുടർന്നാണ് 5 വർഷത്തേക്കു കൂടി 58 മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയത്. 

പട്ടികയിലുള്ള ഓരോ ഇനത്തിലും നിശ്ചിത വലുപ്പത്തിൽ താഴെയുള്ളതു പിടിക്കാൻ പാടില്ല. കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിന്റെ സമുദ്രമത്സ്യ ഉൽപാദനം 6.9 ലക്ഷം ടണ്ണായി വർധിച്ചിരുന്നു. നിരോധനം കൃത്യമായി നടപ്പാക്കിയതു കൊണ്ടാണു മത്സ്യസമ്പത്തു വർധിച്ചതെന്നു കണ്ടെത്തിയാണു തൽസ്ഥിതി തുടരാൻ സമിതി നിർദേശിച്ചത്. 

ടൺ കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ യന്ത്രവൽകൃത ബോട്ടുകളിൽ പിടികൂടി സംസ്ഥാനത്തിനു പുറത്തെ മത്സ്യത്തീറ്റ പ്ലാന്റുകളിലേക്കു കൊണ്ടുപോകുന്നതു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു 2017ലെ നിരോധനം. ദേശീയതലത്തിൽ സമുദ്രമത്സ്യ ഉൽപാദനത്തിൽ കേരളത്തിന്റെ വിഹിതം 13 ശതമാനമാണ്. ഈ മേഖലയിൽ കേരളത്തിന്റെ കയറ്റുമതി 5000 കോടി രൂപയുടേതാണ്.  

ഒരു ബോട്ടിൽ ആകെ പിടിക്കുന്ന മത്സ്യത്തിൽ പരമാവധി 40% വരെ നിരോധിത മത്സ്യക്കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ഇളവ് നൽകാറുണ്ട്. എന്നാൽ അതിൽ അധികമായാൽ പിഴ ചുമത്തും. 100 എച്ച്പി എൻജിന് ഒരു ലക്ഷം രൂപ, 200 എച്ച്പി എൻജിന് 2 ലക്ഷം രൂപ, 250 എച്ച്പിക്ക് 2.5 ലക്ഷം രൂപ എന്നിങ്ങനെയാണു പിഴ. കഴിഞ്ഞ വർഷം മാത്രം 2.25 കോടി രൂപയാണു പിഴ ചുമത്തിയത്. 

 

English Summary: Juvenile fishing prohibition extended