ADVERTISEMENT

തൊടുപുഴ ∙ പഞ്ചായത്തിൽ നിന്ന് ഒരു അക്ഷരത്തെറ്റ് തിരുത്തിക്കിട്ടുന്നതിനായി നടത്തിയ പോരാട്ടത്തിലൂടെ സർക്കാർ ഉത്തരവു വരെ തിരുത്തിച്ച് അറക്കുളം സ്വദേശി നേര്യംപറമ്പിൽ ജോസ് മാത്യു എന്ന പ്രവാസി. അറക്കുളം പഞ്ചായത്ത് ഓഫിസിൽ ഓഗസ്റ്റ് 5നു നടന്ന ചില ഉദ്യോഗസ്ഥ മേധാവിത്വ പ്രകടനങ്ങൾ കൊണ്ടെത്തിച്ചത് ‘വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്കു നൽകുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും ദ്വിഭാഷയിലായിരിക്കണം’ എന്ന സർക്കാർ ഉത്തരവിലേക്ക്. 

കഴിഞ്ഞ 24നാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വീട്ടുപേരിലെ തെറ്റു തിരുത്താനും ഒപ്പം റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനുമായാണ് ജോസ് പഞ്ചായത്ത് ഓഫിസിലെത്തിയത്. വാർഡംഗം ആളെ പരിചയപ്പെടുത്തുകയും ചെയ്തു. ‘ഉച്ചയോടെ വന്ന് കൈപ്പറ്റിക്കൊള്ളൂ’ എന്ന് വാർഡംഗം ഉറപ്പു നൽകിയതിനാൽ ഓഫിസിലെത്തിയപ്പോഴാണ് നൂലാമാലകളുടെ പെരുമഴ തുടങ്ങിയത്. 

അപേക്ഷയിൽ ഒട്ടിക്കേണ്ട അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാംപ് ലഭിക്കാൻ പഞ്ചായത്തിൽ സൗകര്യമില്ല. അത് പുറത്ത് കടകളിൽ നിന്നു വാങ്ങണം. എല്ലാം തയാറാക്കി അപേക്ഷ നൽകിയപ്പോൾ മൂന്നു ദിവസം കഴിയുമെന്ന് ജീവനക്കാർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്ഥലംമാറിപ്പോകുന്നതിനാൽ ലോഗിൻ ചെയ്യാൻ പറ്റില്ലെന്നതാണ് കാരണം. പക്ഷേ, സ്ഥലംമാറി പോകുന്നതിന്റെ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്ന സെക്രട്ടറിയോട് കാര്യങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹം ലോഗിൻ ചെയ്യാൻ തയാറായി. എന്നാൽ ഒരു അക്ഷരത്തെറ്റ് തിരുത്താനായി ആധാർ, വില്ലേജിലെ കരമടച്ച രസീത്, ഒറിജിനൽ ആധാരം, പഞ്ചായത്ത് ടാക്സ്, ഡ്രൈവിങ് ലൈസൻസ്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ ജീവനക്കാർ ആവശ്യപ്പെട്ടു. പാസ്പോർട്ട് കാണിച്ചപ്പോൾ അതു പരിഗണിക്കില്ലെന്നു മറുപടി. പിന്നീട് അവ്യക്തമായ കുറെ മറുപടികൾക്കും തർക്കത്തിനുമൊടുവിൽ പിറ്റേന്ന് 11നു നൽകാമെന്നു ധാരണയായി. പിറ്റേന്ന് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോൾ ഫിസിക്കൽ ഇൻസ്പെക്‌ഷൻ വേണ്ടതിനാൽ ഒരാഴ്ച കഴിയുമെന്നായിരുന്നു മറുപടി. ഇത്രയുമായതോടെ ജോസ് തദ്ദേശവകുപ്പു മന്ത്രി എം.ബി.രാജേഷിനെ വിളിക്കുകയായിരുന്നു. ‘ഓരോ ഫയലും ഓരോ ജീവിതമാണ്’ എന്ന മുഖ്യമന്ത്രിയുടെ വാക്കുകളും ഓർമപ്പെടുത്തി. അരമണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നു മന്ത്രി നൽകിയ ഉറപ്പുപോലും നടന്നില്ല. പിന്നീട് മന്ത്രിയെ രണ്ടാമതു വിളിച്ചപ്പോൾ കാര്യങ്ങൾക്കു തീരുമാനമായി. പക്ഷേ, ബെംഗളൂരുവിലേക്കു നൽകിയ സർട്ടിഫിക്കറ്റ് മലയാളത്തിൽ. ‘ഭരണഭാഷയിൽ നൽകാൻ വകുപ്പുണ്ട്’ എന്നു വിശദീകരണം. വീണ്ടും മന്ത്രിയെ വിളിച്ച് കാര്യം ബോധ്യപ്പെടുത്തിയതോടെ ഇംഗ്ലിഷിൽ മെയിൽ ചെയ്തു തരാം എന്ന് ഉറപ്പു കിട്ടി. പിറ്റേന്നു രാവിലെ തന്നെ ഇംഗ്ലിഷ് സർട്ടിഫിക്കറ്റ് മെയിലിൽ ലഭിച്ചു. തുടർന്ന് 19 ദിവസത്തിനുള്ളിൽ സർക്കാർ ‘ദ്വിഭാഷ’ ഉത്തരവിറക്കുകയായിരുന്നു. നടപ്പാക്കിയ ഉത്തരവ് പിആർഡി ഗവൺമെന്റ് സൈറ്റിൽ ലിസ്റ്റും ചെയ്തു. കുടുംബത്തോടൊപ്പം യുകെയിലുള്ള ജോസ് മാത്യു ബിബിസി, റോയിട്ടേഴ്സ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തയാളുമാണ്.

 

റസിഡൻഷ്യൽ സർട്ടിഫിക്കറ്റിനുള്ള നടപടിക്രമം ഇങ്ങനെ – പഞ്ചായത്ത് പരിധിയിലുള്ള വീടിന്റെ നടപ്പുവർഷത്തെ കരമടച്ച രസീതും റേഷൻകാർഡിന്റെ കോപ്പിയുമടക്കം അപേക്ഷ സമർപ്പിച്ചാൽ വൈകാതെ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ചട്ടം.

English Summary : Jose's 'fight' that led to the order to certificates issued by the government to the general public be in 2 languages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com